കോഴിക്കോട് :  തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ നയം വിപണിയില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല. കര്‍ഷകര്‍ ബ്ലോക്ക് റബ്ബര്‍ ഉല്പാദിപ്പിക്കണമെന്ന നിര്‍ദ്ദേശം തീര്‍ത്തും സ്വീകാര്യമായില്ല.

 ഈ മാസം മൂന്നിന് നയം പ്രഖ്യാപിക്കുമ്പോള്‍ 128 രൂപയായിരുന്നു നാലാംഗ്രേഡ് ഷീറ്റിന്റെ വില. ഇപ്പോള്‍ അത് 129 രൂപയായി. ഇതു തന്നെ കാലാവസ്ഥ പ്രതികൂലമായതിനാലാണ്. നയം പ്രഖ്യാപിച്ച്്് മൂന്നാഴ്ചയായിട്ടും വിപണിയില്‍ അത് ചെറുചലനം പോലും ഉണ്ടാക്കിയില്ല. കടുത്ത വേനല്‍ കാരണം ടാപ്പിംഗ് ഏറെക്കുറെ നിലച്ച മട്ടിലാണ്. ഉല്പാദനം കുറഞ്ഞതിനനുസരിച്ച് വിപണിയില്‍ ഷീറ്റു വരവു കുറവുമാണ്. എന്നിട്ടും ഓഫ് സീസണില്‍ സാധാരണ ഉണ്ടാവാറുള്ളതുപോലെ വില വര്‍ദ്ധന ഉണ്ടായിട്ടില്ല. വരള്‍ച്ച മൂലം വില വര്‍ദ്ധനയുണ്ടാവുമെന്ന് പ്രധാന വിപണികളിലെ സ്റ്റോക്കിസ്റ്റുകള്‍ കണക്കുകൂട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇടത്തരം കര്‍ഷകര്‍ റബ്ബര്‍ സ്റ്റോക്കു ചെയ്യുന്നുണ്ട്. ടയര്‍ കമ്പനികള്‍ കൊച്ചി വിപണിയില്‍ നിന്നും പോയവാരം 500 ടണ്ണോളം റബ്ബര്‍ വാങ്ങി. ഇപ്പോള്‍ ഒരാഴ്ചയില്‍ 2000 ടണ്ണോളം വിപണനം നടക്കുന്നുണ്ട്. ചൈനീസ് വിപണിയില്‍ ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 121 രൂപയില്‍ നിന്ന് 125 രൂപയായി ഉയര്‍ന്നതോടെയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് റബ്ബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികള്‍ തയ്യാറായത്.

റബ്ബര്‍ ഒരു കാര്‍ഷികോല്പന്നമാണെന്ന്്് അംഗീകരിക്കപ്പെട്ടു എന്നതു മാത്രമാണ് കര്‍ഷകര്‍ക്ക്് പുതിയ നയം കൊണ്ടുണ്ടായ മെച്ചം. റബ്ബറിനെ കാര്‍ഷിക ഉല്പന്നമായാണ് പരമ്പരാഗതമായി പരിഗണിച്ചുവന്നിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയായിരുന്ന നിര്‍മ്മലാ സീതാരാമന്‍ ഈ കാഴ്ചപ്പാടു തന്നെ പൊളിച്ചടുക്കി. വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന അസംസ്‌കൃത വിഭവമെന്ന നിലയില്‍ മാത്രം ഗവണ്‍മെന്‍്റുകള്‍ റബ്ബറിനെ കണ്ടാല്‍ മതിയെന്ന നിലപാട് മുന്നോട്ടുവച്ചത് അവരാണ്.അതോടെ ഇതര കാര്‍ഷിക വിളകള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനകളോ പരിരക്ഷകളോ റബ്ബറിന് കിട്ടാതായി. 

 പരുത്തിയും മുളയരിയുമൊക്കെ കാര്‍ഷികോല്പന്നങ്ങള്‍ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ കൃഷിസബ്സിഡി പോലും ലഭിക്കാത്ത സ്ഥിതിയിലേക്ക് റബ്ബര്‍ മാറി.പതിറ്റാണ്ടായി റബ്ബര്‍ മേഖലയ്ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നഷ്ടമായി.  വിരലിലെണ്ണാവുന്ന ടയര്‍ വ്യവയായികള്‍ക്കുമുന്നില്‍ പതിനൊന്നുലക്ഷം വരുന്ന റബ്ബര്‍ കര്‍ഷകരുടെ അവകാശങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയത് ഇതോടെയാണ്.റബ്ബര്‍ ബോര്‍ഡ് നല്കി വന്ന പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കുമുള്ള സഹായങ്ങളെല്ലാം നിലച്ചു.2500- ഓളം വരുന്ന റബ്ബര്‍ ഉല്പാദക സംഘങ്ങള്‍  വഴി നല്കി വന്നിരുന്ന സഹായങ്ങളും കര്‍ഷകര്‍ക്ക് കിട്ടാതായി.ടാപ്പിംഗ് തൊഴിലാളി മുതല്‍ റബ്ബര്‍ വ്യാപാരി വരെയുള്ളവരെ പ്രതികൂലമായി ബാധിച്ച തീരുമാനങ്ങളാണ് ഒന്നൊന്നായി കേന്ദ്രസര്‍ക്കാര്‍ എടുത്തത്.പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച കൃഷിയായി റബ്ബര്‍ മാറി.

 റബ്ബര്‍ ഇറക്കുമതി ലളിതവും ഉദാരവുമായതോടെ ടയര്‍ കമ്പനികള്‍ തഴച്ചുവളര്‍ന്നു. ഇപ്പോഴത്തെ നയവും കര്‍ഷകരേക്കാള്‍ പ്രയോജനപ്പെടുന്നത് ടയര്‍ വ്യവസായികള്‍ക്കാണ്.റബ്ബര്‍ ഇറക്കുമതിക്കു പിന്നാലെ ചൈനയില്‍ നിന്നും മറ്റും ടയര്‍ ഇറക്കുമതിക്കും കേന്ദ്ര സര്‍ക്കാര്‍ അവസരം നല്കി. ഉപയോഗിച്ച ടയര്‍ പോലും ഇറക്കുമതി ചെയ്യപ്പെട്ടു.ടയര്‍ ഒഴിച്ചുള്ള  റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക്  നല്കിവന്നിരുന്ന ധനസഹായങ്ങളും നിലച്ചു.അതുവഴി റബ്ബര്‍ ലാറ്റക്സിന്റെ വിലയും ഇടിഞ്ഞു.കിലോയ്ക്ക് 249 രൂപ വരെ ലഭിച്ചിരുന്ന റബ്ബര്‍വില നേര്‍പകുതി പോലും ഇല്ലാത്ത സ്ഥിതിയിലെത്തിയത് ഇതെല്ലാം കൂടിച്ചേര്‍ന്നപ്പോഴാണ്.ഉടനെന്നും ഈ സ്ഥിതിക്ക് മാറ്റം വരുമെന്നും പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയാണ്.

Content highlights: Rubber, Agriculture, Tapping