'റൈപ്പനിങ് ചേംബർ' എന്ന എത്തിലിൻ വാതക അറയിൽ നിരത്തിവെച്ച കുറ്റിയാട്ടൂർ മാങ്ങ
ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ മാങ്ങ പഴുപ്പിക്കാന്‍ കഴിയുന്ന 'എത്തിലിന്‍ വാതക അറ' വിപണിയിലെത്തുന്നു. ബെംഗളൂരു ആസ്ഥാനമായ പഴവര്‍ഗ ഗവേഷണസ്ഥാപനം ഐ.ഐ.എച്ച്.ആര്. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച്) വികസിപ്പിച്ചെടുത്ത 'റൈപ്പനിങ് ചേംബര്‍' ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം മുഖേനയാണ് വിപണിയിലെത്തിക്കുന്നത്. ജില്ലയിലെ പ്രധാന മാങ്ങസംസ്കരണ കേന്ദ്രമായ 'കുറ്റിയാട്ടൂര്‍ മാംഗോ കമ്പനി' പരീക്ഷണാടിസ്ഥാനത്തില്‍ ഈ ചേംബറില്‍ മാങ്ങകള്‍ പഴുപ്പിച്ചു.
മൂപ്പെത്തിയ പഴങ്ങളില്‍നിന്ന് സ്വാഭാവികമായി ഉണ്ടാവുന്ന എത്തിലിന്‍ വാതകമാണ് ഇവയെ പഴുപ്പിക്കുന്നത്. പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഈ വാതകമേല്ക്കുമ്പോള് സമീപത്തുള്ള ഫലങ്ങളും പഴുക്കും. അടച്ചിട്ട അറയില്‍ ദ്രവരൂപത്തിലുള്ള 'എത്രല്‍' എന്ന ഹോര്‍മോണും സോഡിയം ഹൈഡ്രോക്സൈഡും (കോസ്റ്റിക് സോഡ) ചേര്‍ത്ത് കൃത്രിമമായി എത്തിലിന്‍ വാതകം ഉത്പാദിപ്പിക്കുന്നതാണ് പുതിയ രീതി.
ഒരു മില്ലിലിറ്റര്‍ എത്രല്‍ 0.25 ഗ്രാം സോഡിയം ഹൈഡ്രോക്സൈഡ് എന്ന അനുപാതത്തിലാണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ഇഷ്ടിക ഉപയോഗിച്ചോ പോളിത്തീന്‍ ഷീറ്റുകൊണ്ടോ ഉണ്ടാക്കുന്ന അറയില്‍ പതിനാറുമണിക്കൂറോളം മാങ്ങകള്‍ നിരത്തി കാറ്റുകടക്കാതെ നിരത്തിവെച്ചാല്‍ മതി. പിന്നെ പുറത്തെടുത്ത് വില്‍പ്പനയ്ക്കായി കൊണ്ടുപോകാം. പിറ്റേന്ന് പഴുത്തുകൊള്ളും. ഇങ്ങനെ പഴുപ്പിച്ചെടുക്കുന്ന മാങ്ങകള്‍ക്ക് പുഴുബാധയേല്ക്കാനുള്ള സാധ്യതയും കുറവാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് അറകളാണ് കുറ്റിയാട്ടൂര്‍ മാംഗോ കമ്പനിക്ക് നല്‍കിയതെന്നും കര്‍ഷകഗ്രൂപ്പുകളുടെ സഹായത്തോടെ ഇത് വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. ജയരാജ് പറഞ്ഞു. മാങ്ങകള്‍ മാത്രമല്ല, വാഴക്കുലകളും ഇത്തരത്തില്‍ പഴുപ്പിക്കാം. ഒരു ടണ്‍ മാങ്ങ പഴുപ്പിക്കുന്നതിനുള്ള 'റൈപ്പനിങ്ങ് ചേംബര്‍' നിര്‍മിക്കാന്‍ നാലായിരത്തോളം രൂപ മാത്രമേ ചെലവ് വരൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..