പൂത്തുലഞ്ഞുനിൽക്കുന്ന റെഡ് ജെഡ് വൈനിന് സമീപം സുരേഷ് മുതുകുളവും ഭാര്യ സോനം പെഡോണും
ആറന്മുള : വഞ്ചിത്ര-ആറന്മുള റോഡിലെ 'മ്യൂറല്‍സ്' വീടിന്റെ മുറ്റത്തിപ്പോള്‍ സന്ദര്‍ശകരുടെ കൂട്ടയിടിയാണ്. ഒരുപൂവാണ് ഇവിടുത്തെ തിരക്കിന്റെ പിന്നിലുള്ള താരം. പൂവെന്നു പറഞ്ഞാല്‍പ്പോരാ, ഒരൊന്നൊന്നര പൂപ്പന്തല്‍. നാട്ടില്‍ അപൂര്‍വമായി കണ്ടുവരുന്ന 'റെഡ് ജെഡ് വൈന്‍' എന്ന ചെടി പൂത്തുലഞ്ഞതാണ് വീടിനെ പ്രശസ്തിയിലേക്ക് കൈപിടിച്ചത്. ഇവിടെയെത്തുന്ന ആളുകള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. പന്തലില്‍ പൂത്തുകിടക്കുന്ന റെഡ് ജെഡ് വൈന്‍ ഒന്നുകാണണം, ഒപ്പം നിന്നൊരു ചിത്രമെടുക്കണം. ചെടികളുടെ പറുദീസയായ മ്യൂറല്സിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു ഈ സുന്ദരി.
മൈസൂരില്‍നിന്ന് ചെടിയുടെ തൈ വാങ്ങുമ്പോള്‍ ചെടിയെക്കുറിച്ചോ പൂക്കള്‍ എങ്ങനെയിരിക്കുമെന്നോ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ ചീഫ് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളത്തിനോ ഭാര്യ സോനം പെഡോണിനോ ധാരണയില്ലായിരുന്നു. പടര്‍ന്നുകയറാനായി കമ്പികള്‍ ഉപയോഗിച്ച് പന്തലിട്ട് കൊടുത്തു. ഇപ്പോഴത് ശരിക്കുമൊരു പൂപ്പന്തലായി മാറി. നീളമുള്ള പൂങ്കുലകളിലാണ് പൂക്കള്‍ ഉണ്ടാകുന്നത്.
ഒരുകുലയില്‍ അന്‍പതോളം പൂക്കളുണ്ടാകും. നമ്മുടെ കാലാവസ്ഥയില്‍ റെഡ് ജെഡ് വൈന്‍ വളരുമെങ്കിലും ഇത്രയും പൂക്കളുണ്ടാകുന്നത് അപൂര്‍വമാണ്.
'ഫ്ളെയിം ഓഫ് ഫോറസ്റ്റ്' എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. പൂക്കള്‍ കാണുമ്പോള്‍ തന്നെ കാഴ്ചക്കാര്‍ക്ക് കൗതുകമാണെന്ന് സുരേഷ് മുതുകുളം പറയുന്നു. താഴെവീണുകിടക്കുന്ന പൂക്കള്‍ ചിലര്‍ വാരിയെടുക്കുന്നു, ചിലര്‍ മണത്തുനോക്കുന്നു. ചിലരുടെ ആവശ്യം ചെടിയുടെ കമ്പുകളാണ്. തീജ്വാലനയെ ഓര്‍മ്മിപ്പിക്കും ഇവയുടെ പൂക്കുല കണ്ടാല്‍. സൗത്ത് പസഫിക് മേഖല, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് റെഡ് ജെഡ് വൈന്‍ ചെടി കൂടുതലായും കണ്ടുവരുന്നത്.
2008-ലാണ് സുരേഷ് മുതുകുളം 10 സെന്റിലുള്ള ഈ വീട് നിര്‍മ്മിക്കുന്നത്. വേലിമുതല് വീടൊട്ടാകെ ചെടികളാണ്. കേരളത്തില്‍ അപൂര്‍വമായി കാണുന്ന ചെടികള്‍ ഇവരുടെ വീട്ടിലുണ്ട്. ചെടികളുടെ എണ്ണത്തെക്കാള്‍ വളര്‍ത്തുന്നരീതിയാണ് ഏല്ലാവരെയും ആകര്‍ഷിക്കുന്നത്. മ്യൂറല്സില് എവിടെത്തിരിഞ്ഞാലും ചെടികള്‍ ചട്ടിയിലും വാതിലിലും ജനലിലുമൊക്കെ ഇടം പിടിച്ചിരിക്കുകയാണ്. ചെടികളുടെ കലാ സംവിധാനം സോനം പെഡോണാണ് ഏറ്റെടുത്തിരിക്കുന്നത്. 2018-ലെ മഹാപ്രളയം വീടിന്റെ താഴത്തെനില പൂര്‍ണമായും മുക്കിക്കളഞ്ഞിരുന്നു.
അന്നത്തെ ഏറ്റവുംവലിയ നഷ്ടം തങ്ങളുടെ ചെടികള്‍ നശിച്ചതാണെന്ന് ഇവര്‍ പറയും. അതിനുശേഷമാണ് വൈവിധ്യമാര്‍ന്ന ചെടികള്‍ ഇവിടേക്കെത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..