മലപ്പുറം: കണ്ടാൽ തനി നാടൻ ചോളം. തൊലി നീക്കിയാൽ പക്ഷേ, ആരും ആശ്ചര്യപ്പെടും. നിറങ്ങളുടെ ഉത്സവം. വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പിങ്ക്, കറുപ്പ് തുടങ്ങി ഒരു ചോളത്തിൽത്തന്നെ പലപല നിറത്തിലുള്ള കായ്‌കൾ. ഇതാണ് റെയിൻബോ കോൺ (മഴവിൽ ചോളം). തായ്‌ലാൻഡുകാരനായ പഴം മലപ്പുറത്തും വിളഞ്ഞു. കുന്നുമ്മലിലെ ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് മഴവിൽ വസന്തം. കോഡൂർ പെരിങ്ങോട്ടുപുലം പഴേടത്തുവീട്ടിൽ അബ്ദുൽറഷീദിന്റേതാണ് കൃഷി.

റെയിൻബോ കോൺ മലയാളിക്ക് അത്ര പരിചിതമല്ല. കേരളത്തിൽ എവിടെയുമുള്ളതായി കേട്ടിട്ടില്ലെന്നും റഷീദ് പറയുന്നു. രുചി സാധാരണ ചോളത്തിന്റേതിനു സമാനം. നിറങ്ങൾതന്നെ മുഖ്യ ആകർഷണം. ഒരു ചെടിയിലെ ഓരോ ചോളത്തിനും വ്യത്യസ്ത നിറം. നാലിനങ്ങളാണ് റഷീദ് മുളപ്പിച്ചത്. രണ്ടെണ്ണം തായ്‌ലാൻഡിൽനിന്നു കൊണ്ടുവന്നതാണ്. രണ്ടെണ്ണം കർഷക കൂട്ടായ്‌മയിലെ സുഹൃത്തും നൽകി. 1500 ചതുരശ്രയടി സ്ഥലത്ത് വീപ്പകളിലായി 50 തൈകൾ മുളപ്പിച്ചു. സ്വീറ്റ് കോണുമുണ്ട് കൂട്ടത്തിൽ.

റെയിൻബോ കോൺ വളരാൻ നല്ല വെയിൽ കിട്ടണം. വിത്തുനട്ട് 50 ദിവസങ്ങൾക്കകം കായ്‌ക്കും. ഓരോ തൈയിലും മൂന്നു ചോളങ്ങൾവരെ വിളയുന്നുണ്ട്. ചോളത്തിനൊപ്പം വീപ്പകളിൽ ഡ്രാഗൺ ഫൂട്ടും നട്ടിട്ടുണ്ട്. കുന്നുമ്മലിൽ പഴങ്ങളുടെ മൊത്തക്കച്ചവടം നടത്തുന്ന അബ്ദുൽറഷീദ് കൃഷിയെ ഒരു വരുമാനമാർഗമായി കാണുന്നില്ല. റെയിൻബോ കോൺ വിളവെടുക്കുമ്പോൾ ആവശ്യക്കാർക്ക് വിത്തുനൽകാനും തയ്യാർ. 

400 പഴവർഗങ്ങൾ

ഒൻപതുവർഷം മുമ്പാണ് റഷീദ് പഴവർഗച്ചെടികൾ വെച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോഴതു നാനൂറിലധികം ഇനങ്ങളായി. ഭൂരിപക്ഷവും വിദേശികൾ. ഡ്രാഗൺ ഫൂട്ടിന്റെ മാത്രം 45 ഇനങ്ങളുണ്ട്. റംബൂട്ടാനിലും മാങ്കോസ്റ്റിനിലുമായിരുന്നു തുടക്കം. പിന്നാലെ ജബുട്ടിക്കാബ, റൊളീനിയ, അലാട്ട ചെറി, ഡുക്കു, അബിയു, മിറക്കിൽ ഫ്രൂട്ട്, ഐസ്‌ക്രീം ബീൻ, പുലാസാൻ, സ്‌പാനിഷ് ലൈം, ഗവർണർ പ്ലം, വെൽവെറ്റ് ആപ്പിൾ... പലതും ഇതിനകം കായ്ച്ചു. അതുനൽകുന്ന ആനന്ദമാണ് റഷീദിന്റെ ഏറ്റവുംവലിയ ലാഭം. വീട്ടുവളപ്പിലടക്കം മൂന്നുസ്ഥലങ്ങളിലായി ഒരേക്കർ സ്ഥലത്താണ് കൃഷി.

പഴംതേടി യാത്ര

പഴവർഗങ്ങളെക്കുറിച്ചറിയാനും വിത്തുകൾ ശേഖരിക്കാനുമായി പല വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട് റഷീദ്. ഇൻഡൊനീഷ്യ, തായ്‌ലാൻ‍ഡ്, മലേഷ്യ, ചൈന, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങി 13 രാജ്യങ്ങളിലേക്ക് ആ യാത്ര നീണ്ടു. കേരളത്തിലെ കാലാവസ്ഥയിൽ വളരാൻ സാധ്യതയുള്ള പഴങ്ങളാണ് നട്ടുപിടിപ്പിച്ചത്. ‘കോവിഡ് ഒന്നടങ്ങട്ടെ, പല രാജ്യങ്ങളിലും പോകാനുണ്ട്’ -റഷീദ് ആവേശത്തിലാണ്.

ഫോൺ: 8606600060