പ്രതീകാത്മക ചിത്രം | Photo: PHILIPPE HUGUEN/ AFP PHOTO
വിപണിയില്‍ നാടന്‍ കോഴിമുട്ടയ്ക്ക് എന്നും ആവശ്യക്കാരാണ്. അതിനാല്‍ തമിഴ്നാട്ടില്‍നിന്നും എത്ര കോടി മുട്ടയെത്തിയാലും ഒന്നും ഭയക്കാനില്ലെന്ന ആത്മവിശ്വാസമായിരുന്നു നാടന്‍കോഴികളെ വര്ത്തുന്ന വര്‍ക്കുണ്ടായിരുന്നത്. നാടന്‍ മുട്ടയുടെ അതേനിറത്തിലുള്ള മുട്ട തമിഴ്നാട്ടില്‍നിന്നു വിലകുറച്ച് വിപണിയിലെത്തിയതോടെ നാടന്‍ മുട്ടകള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഫാമുകള്‍ പലതും അടച്ചു. രണ്ടുവര്‍ഷത്തിനിടയില്‍ മുതല്‍ മുടക്ക് കുറഞ്ഞ ചെറിയൊരു സംരംഭമെന്ന പേരിലാണ് നാടന്‍ കോഴിവളര്‍ത്തല്‍ വ്യാപകമായത്. ആയിരം രൂപയില്‍ താഴെ വിലയുണ്ടായിരുന്ന 50 കിലോ കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 1430-1560 രൂപ വരെയാണ് വില. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് തീറ്റ കൊടുത്ത് വളര്‍ത്തിയാല്‍ മുടക്കുമുതല്‍ പോലും കിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തീറ്റിപ്പോറ്റാനും മുട്ട വില്‍ക്കാനും കഴിയില്ല
വെള്ളനിറത്തിലുള്ള ലഗോണ്‍ കോഴിമുട്ട പ്രാദേശിക വിപണിയില്‍ അഞ്ച് മുതല്‍ അഞ്ചര രൂപയ്ക്ക് കിട്ടും. ഇത് വ്യാപാരികള്‍ക്ക് നാലു മുതല്‍ നാലര വരെ രൂപ നിരക്കിലാണ് കിട്ടുന്നത്. നാടന്‍ കോഴിമുട്ട പ്രാദേശിക വിപണിയില്‍ വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് അഞ്ചര മുതല്‍ ആറു വരെ രൂപ കിട്ടുമായിരുന്നു.
കച്ചവടക്കാര്‍ ഏഴ് മുതല്‍ എട്ടുവരെ രൂപ നിരക്കിലാണ് പലയിടത്തും വില്‍ക്കുന്നത്. എന്നാല്‍ കോഴിത്തീറ്റയ്ക്ക് അഞ്ഞൂറ് രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍ മുട്ട വില്ക്കുമ്പോള് ഏഴുരൂപ പോലും കിട്ടിയാലും മെച്ചമില്ലെന്നാണ് നാടന്‍കോഴികളെ വളര്‍ത്തുന്നവര്‍ പറയുന്നത്. ഗ്രാമശ്രീ, കൈരളി, ബി.വി.380 എന്നീ ഇനത്തില്‍പെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി വളര്‍ത്തുന്നത്.
കോഴിവളര്‍ത്തല്‍ നിര്‍ത്തുന്നു
12 വര്‍ഷത്തോളമായി നാടന്‍ കോഴികളെ വളര്‍ത്തി വില്‍ക്കുന്നു. ഈ വിലയ്ക്ക് എങ്ങനെ തീറ്റകൊടുത്ത് കോഴികളെ വളര്‍ത്താന്‍ കഴിയും. കഴിഞ്ഞ രണ്ടുമാസമായി ഫാം താത്കാലികമായി നിര്‍ത്തി. അല്ലാതെ മാര്‍ഗമില്ല. -തോമസ് ഫിലിപ്പ് കുറുമ്പനാടം. ചങ്ങനാശ്ശേരി
സര്‍ക്കാര്‍ ഇടപെടണം
കോഴിത്തീറ്റ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. കര്‍ഷകരില്‍നിന്നു നേരിട്ട് മുട്ട സംഭരിക്കാനും വില്‍ക്കാനും നടപടി സ്വീകരിക്കണം. -എബി ഐപ്പ്, കര്‍ഷക കോണ്‍ഗ്രസ് ജന.സെക്രട്ടറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..