മലയാളിക്ക് നേന്ത്രക്കായ (ഏത്തക്കായ) ഇല്ലാതെ ആഘോഷമില്ല. പക്ഷേ, അത് ഉത്പാദിപ്പിക്കുന്ന കര്‍ഷകന് ഇത് നല്ലകാലമല്ല. മൂന്ന് കിലോ 100 രൂപയ്ക്ക് കൊടുക്കുന്ന ഇക്കാലത്ത് കൃഷിക്കാരന് കിട്ടുന്നത് ഉത്പാദനച്ചെലവിന്റെ കാല്‍ഭാഗംമാത്രം. ഓണക്കാലത്ത് 72 രൂപയ്ക്ക് കൃഷിവകുപ്പ് വാഴക്കുല എടുത്തിരുന്നെങ്കിലും ഇപ്പോഴതില്ല. താങ്ങുവിലയായി പ്രഖ്യാപിച്ച 30 രൂപ ഒട്ടും ന്യായവുമല്ല. വാഴക്കുല അടക്കമുള്ളവ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടെങ്കിലും എല്ലാ തദ്ദേശസ്ഥാപനപരിധിയിലും സൗകര്യം ഇല്ലെന്നതും പ്രശ്‌നമാണ്. തദ്ദേശ, സഹകരണവകുപ്പുകള്‍ ചേര്‍ന്നുള്ള സംഭരണരീതി ഇനിയും ഫലപ്രദമായിട്ടുമില്ല.

ഉത്പാദനച്ചെലവ്

ശരാശരി ഏഴ് മുതല്‍ 10 കിലോഗ്രാം വരെ വരുന്നതാണ് ഒരു ഏത്തക്കുല. ഒരു കുല ഉണ്ടാക്കാന്‍ വേണ്ടിവരുന്നത് 450-500 രൂപയാണ്. ഇതിന്റെ ഏകദേശ കണക്ക് ഇങ്ങനെ.

table

എത്ര വേണം

ഒരു വാഴക്കുലയ്ക് 600 രൂപയെങ്കിലും കിട്ടിയാലേ കൃഷിക്കാരന് മുതലാകൂ. സ്വന്തം അധ്വാനത്തിന് വിലയിടാതെയുള്ള കണക്കാണിത്. ഇപ്പോഴത്തെ നിലയില്‍ ഏഴ് കിലോവരുന്ന കുലയ്ക്ക് 230 രൂപയാണ് വില്‍പ്പനവില. ഇതിലും 50-70 രൂപ താഴ്ത്തിയാകും വില്‍പ്പനക്കാര്‍ കൃഷിക്കാരനില്‍നിന്ന് വാങ്ങുക. കുലയൊന്നിന് 300 രൂപ വരെ കൈയ്യില്‍നിന്ന് പോകുന്നു.

ബദല്‍ എന്തൊക്കെ

  • ചിപ്‌സ് ഉണ്ടാക്കി വില്‍ക്കല്‍: ഒരു കിലോ ചിപ്‌സിന് 100-120 രൂപ വരെ വിലയുണ്ട്. വെളിച്ചെണ്ണവില, പാചകച്ചെലവ് എന്നിവ പരിഗണിച്ചാലും കൃഷിക്കാരന് മെച്ചമാണ്.
  • ഏത്തക്കായ പൊടി: പച്ചക്കായ പൊടിച്ച് നിരവധി ബേക്കറി ഉത്പ്പന്നങ്ങളിലും മറ്റ് ഭക്ഷണസാധനങ്ങളിലും ഉപയോഗിക്കുന്നു. ആലപ്പുഴയിലെ മാതൃക ഇപ്പോള്‍ കര്‍ണാടകത്തില്‍ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്.
  • പഴുത്തകായ വറുത്തത്: പഴുത്ത കായ വറുത്തതിന് വലിയ താത്പര്യമാണ് വിപണിയില്‍.
  • പഴം ജാം: ഏത്തപ്പഴം ജാമാക്കി മാറ്റുന്ന ചെറുകിട സംരംഭങ്ങളുണ്ട്.

ചതിക്കാന്‍ തമിഴ് ഉത്പന്നം

തമിഴ്‌നാട്ടില്‍നിന്ന് കിലോഗ്രാമിന് 20 രൂപ നിരക്കിലാണ് വാഴക്കുല എത്തുന്നത്. ഇത് കേരളത്തില്‍ 4-5 രൂപ അധികം വിലയിട്ട് വില്‍ക്കുന്നു. ഈ ഒഴുക്കാണ് പ്രാദേശിക ഉത്പന്നത്തിന്റെ വിലയിടിക്കുന്നത്.

table

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം

മാര്‍ക്കറ്റിലേതിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ ഉത്പന്നം എടുക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലായിടത്തും സംഭരണകേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി വരുന്നുണ്ട്. സഹകരണവകുപ്പ് 250 ഇടത്ത് തുടങ്ങും. മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാന്‍ കൃഷിക്കാര്‍ നേരിടുന്ന പ്രയാസം അറിയാം. ഇതിന് വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലുള്ള കേന്ദ്രങ്ങള്‍ സജ്ജമാക്കും. ആറ് മാസത്തിനുള്ളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. - പി.പ്രസാദ്, സംസ്ഥാന കൃഷിമന്ത്രി

ബദലിന് തയ്യാര്‍, പക്ഷേ

മൂല്യവര്‍ധനയെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഇതിന് സ്ഥാപനങ്ങളെയും കൃഷിക്കാരെയും ബന്ധിപ്പിക്കാന്‍ കഴിയണം. പണം മുടക്കിയില്ലെങ്കിലും സര്‍ക്കാരിന് ഇത്തരം സ്ഥാപനങ്ങളും കൃഷിക്കാരുമായി ബന്ധപ്പെടുത്താന്‍ വേണ്ടത് ചെയ്യാമല്ലോ. കണ്ണാറയിലെ ബനാനാ പാര്‍ക്കൊക്കെ ഇവ ചെയ്യുന്നുണ്ട്. പക്ഷേ വിഭവം ഏറ്റെടുത്ത് കൊണ്ടുപോകണമല്ലോ. സംഭരിച്ച് വെച്ചാല്‍ നശിച്ച് പോകുകയും അരുത്. കായയുമായി സംരംഭങ്ങള്‍ തുടങ്ങിയ പലരും വിപണി കണ്ടെത്താതെ തകര്‍ന്നുപോയി. ഉണക്കക്കപ്പ കിറ്റിലാക്കിയ അനുഭവം നമുക്ക് മുന്നിലുണ്ടല്ലോ. - ഗീവര്‍ഗീസ് തറയില്‍, കൃഷിക്കാരനും കൃഷിക്കാരുടെ നിയമപോരാട്ടങ്ങളിലെ മുന്‍നിരക്കാരനും

Content Highlights: Price of Nendran banana drops