കാളികാവ്: ലോക്ഡൗൺ കാലത്ത് ഭക്ഷണത്തിന്റെ പോരായ്‌മയ്ക്ക് പരിഹാരമായി കപ്പ. കോവിഡ് ഒന്നാം തരംഗത്തിൽ ചക്ക കൈയടക്കിയതിലും ഉയർന്ന സ്ഥാനമാണ് രണ്ടാം തരംഗത്തിൽ കപ്പ കരസ്ഥമാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ മലപ്പുറത്തെ മലയോരഗ്രാമങ്ങളിലെ വീടുകളിലെത്തിയത് 20,000 കിലോയിലേറെ കപ്പയാണ്.

വിതരണം ചെയ്തതിനേക്കാൾ കപ്പ ഇനിയും കൃഷിയിടത്തിലുണ്ട്. മഴ തുടരുന്നപക്ഷം വിളനാശം ഉറപ്പാണെന്നാണ് കർഷകർ പറയുന്നത്. 20 രൂപ കിലോയ്ക്ക് നൽകി വാങ്ങിയിരുന്ന കപ്പ ഇപ്പോൾ ആളുകൾ വാങ്ങുന്നത് 12 രൂപയ്ക്കാണ്. സന്നദ്ധ സംഘടനകൾ കർഷകരിൽനിന്ന് എട്ടുരൂപയ്ക്ക് വാങ്ങി ആളുകൾക്ക് സൗജന്യമായും നൽകുന്നുണ്ട്

കിട്ടിയ കപ്പ പാഴാക്കിക്കളയാൻ വീട്ടമ്മമാരും തയ്യാറല്ല. കറി മുതൽ കപ്പപ്പായസം, കപ്പപ്പുട്ട്, കപ്പപ്പുഴുക്ക്, കപ്പബിരിയാണി, കപ്പപ്പൊരി, കപ്പവറുത്തത് എന്നിങ്ങനെ നീളുന്നു വിഭവപരീക്ഷണങ്ങൾ. ചക്കവിഭവങ്ങളേക്കാൾ ഒരുപടി മുന്നിൽത്തന്നെയാണ് കപ്പവിഭവങ്ങളെന്നാണ് വീട്ടമ്മമാർ പറയുന്നത്.

തൊഴിൽ നഷ്ടപ്പെട്ട് വീടുകളിലിരിക്കുന്നവർക്ക് കപ്പയുടെ വരവ് വലിയ ആശ്വാസമാണ്. മഴ കനത്താൽ മധുരം കുറയുമെന്നതാണ് പഴുത്ത ചക്കയുടെ ഉപയോഗം കുറയാൻ ഒരുകാരണം. വിലകൊടുത്ത് വാങ്ങിയിരുന്ന കപ്പ സൗജന്യമായി കിട്ടിത്തുടങ്ങിയതും ചക്കയെ കൈയൊഴിയുന്നതിനു കാരണമായി.

കർഷകന് നഷ്‌ടം

ആളുകൾക്ക് സൗജന്യമായി കിട്ടുന്നുണ്ടെങ്കിലും കപ്പക്കർഷകന് കണ്ണീരാണ്. പതിവിലും നേരത്തേ മഴ പെയ്തതിനാൽ വിളവെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ കഴിയുന്നില്ല. കൃഷിയിടത്തിൽ വെള്ളം നിൽക്കുന്നതിനാൽ പറിച്ച് ഒഴിവാക്കിയില്ലെങ്കിൽ വിള ചീയും. കിലോയ്ക്ക് 12 രൂപവരെ കർഷകന് ലഭിച്ചിരുന്നിടത്ത് കൂടിയാൽ എട്ടുരൂപ വരെയാണ് ഇപ്പോൾ കിട്ടുന്നത്.

കുറഞ്ഞ വിലയ്ക്കും ആവശ്യക്കാർ ഇല്ലാതായതോടെ സൗജന്യമായും നൽകാൻ കർഷകർ നിർബന്ധിതരാവുന്നുണ്ട്. സന്നദ്ധസംഘടനകളുടെ ഇടപെടലാണ് നേരിയ ആശ്വാസമാകുന്നത്. എട്ടുരൂപവരെ ലഭിച്ചാലും മുതൽമുടക്ക് ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.

Content Highlights: Price fall of tuber crops hits farmers