പ്പയടക്കമുള്ള കിഴങ്ങുവിളകളുടെ വിലയിടിവ് കര്‍ഷകനെ കാര്യമായി ബാധിക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്പിനായി കൃഷിയിലേക്കിറങ്ങിയവര്‍വരെ ഉത്പന്നത്തിന് വിലകിട്ടാതെ കഷ്ടപ്പെടുകയാണ്. അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത വിലത്തകര്‍ച്ചയാണ് കിഴങ്ങുവിളകള്‍ക്ക് ആഴ്ചകളായി നേരിടുന്നത്. സീസണനുസരിച്ച് 20 രൂപമുതല്‍ 30 രൂപവരെ വിലയുണ്ടായിരുന്ന പച്ചക്കപ്പയ്ക്ക് പന്ത്രണ്ടര രൂപയാണ് ചില്ലറവില്പനവില. കര്‍ഷകന് ലഭിക്കുന്നതാകട്ടെ, എട്ടുരൂപവരെയും. 

ഈ വിലയ്ക്കും കപ്പ പറിച്ചുകൊണ്ടുപോകാന്‍ വ്യാപാരികള്‍ എത്താത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു. കിലോഗ്രാമിന് ഇരുപത്തഞ്ചും ഇരുപതും രൂപയ്ക്ക് പച്ചക്കപ്പ വിറ്റിരുന്ന സ്ഥാനത്ത് നാലുകിലോഗ്രാം 50 രൂപയ്ക്ക് ലഭിക്കും. കോവിഡ് ഉത്പാദനം കൂട്ടി കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജനം വീട്ടിലിരുന്ന ദിവസങ്ങളില്‍ പലരും പുതുകൃഷിയിലേക്ക് തിരിഞ്ഞതാണ് ഉത്പാദനവര്‍ധനയ്ക്കു പിന്നിലെന്ന് പറയുന്നു. ലോക്ഡൗണ്‍ തുടരുമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നുമുള്ള ആശങ്കയില്‍ കിഴങ്ങുവിളകൃഷിക്ക് കൃഷിവകുപ്പ് പ്രേരണ നല്‍കിയിരുന്നു.

വഴിയോര വിപണികള്‍

വിലയിടിഞ്ഞതോടെ പിടിച്ചുനില്‍ക്കാന്‍ മറുവഴികള്‍ തേടുകയാണ് പല കര്‍ഷകരും. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന പലര്‍ക്കും നിശ്ചിത കാലാവധി കഴിയുന്നതോടെ വിളവെടുത്ത് സ്ഥലം ഒഴിവാക്കിനല്‍കേണ്ടിവരുന്നു. വഴിയോരത്തും വീടുകള്‍ക്കുമുമ്പിലും കുറഞ്ഞ വില പ്രദര്‍ശിപ്പിച്ച് തോട്ടത്തില്‍നിന്നുതന്നെ നേരിട്ട് കപ്പ പറിച്ചുനല്‍കുന്ന കര്‍ഷകരുണ്ട്.

ഉണക്കക്കപ്പയ്ക്കും പാതിവില

വില്‍ക്കാന്‍ കഴിയാത്ത കപ്പ ഉണക്കിവില്‍ക്കുന്ന കര്‍ഷകരും ഏറെ. പച്ചക്കപ്പ അരിഞ്ഞ് വാട്ടിയും അരിഞ്ഞ് നേരിട്ടുണക്കിയുമാണ് ഉണക്കക്കപ്പ തയ്യാറാക്കുന്നത്. കര്‍ഷകകൂട്ടായ്മകള്‍ കപ്പ പറിച്ചുമാറ്റിയ തോട്ടങ്ങളില്‍ ഉണക്കലിന് രംഗത്തുണ്ട്. കപ്പ അരിയുന്നത് എളുപ്പമാക്കാന്‍ 3000 രൂപയ്ക്ക് ലഘുയന്ത്രം കര്‍ഷകര്‍ വികസിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, ഉണക്കക്കപ്പയ്ക്കും വില കുത്തനെ ഇടിഞ്ഞത് തിരിച്ചടിയാവുകയാണ്. വാട്ടി ഉണക്കിയ മേല്‍ത്തരം കപ്പയ്ക്ക് 45 രൂപമുതല്‍ 55 രൂപവരെയാണ് കിലോഗ്രാമിന് വില ലഭിക്കുന്നത്. വെള്ളുകപ്പ എന്നറിയപ്പെടുന്ന വാട്ടാത്ത കപ്പയ്ക്ക് 30 രൂപയായി വില. മുന്‍വര്‍ഷങ്ങളില്‍ ഇവയ്‌ക്കെല്ലാം ഇരട്ടിയോളമായിരുന്നു വില.

പ്രവാസികള്‍ക്കും വേണ്ട വെളിയന്നൂര്‍, ഉഴവൂര്‍ പഞ്ചായത്തുകളില്‍നിന്ന് വര്‍ഷംതോറും മൂന്നുടണ്‍ ഉണക്കക്കപ്പ വിദേശങ്ങളിലേക്ക് പോകുന്ന പ്രവാസികള്‍ കൊണ്ടുപോയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉണക്കക്കപ്പ വന്‍തോതില്‍ കെട്ടിക്കിടക്കുകയാണെന്ന് ഉഴവൂരിലെ വ്യാപാരികള്‍ പറയുന്നു.

വില താഴ്ന്ന് കാച്ചിലും ചേമ്പും

60 രൂപവരെ വിലയുണ്ടായിരുന്ന നല്ലയിനം കാച്ചിലിന് 20 രൂപമുതല്‍ 25 രൂപവരെയാണ് ഇപ്പോള്‍ വില. 40 രൂപ ലഭിച്ചിരുന്ന ചേമ്പ് കിലോഗ്രാമിന് 16 രൂപ തോതിലാണ് കര്‍ഷകവിപണിയില്‍ ലേലത്തില്‍ പോകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വിത്തിനുപയോഗിക്കാവുന്ന ചേനയ്ക്ക് കിലോഗ്രാമിന് വില 20 രൂപയായി. മുന്‍വര്‍ഷങ്ങളില്‍ 40 രൂപയ്ക്കുമുകളിലായിരുന്നു വില.

Content Highlights: Price fall of tuber crops hits farmers