കോവിഡ് ഭീതിയില്‍ ജ്യൂസുകളുടെയും മറ്റും വില്‍പ്പന കുറഞ്ഞതോടെ പൈനാപ്പിളിന് വിലയിടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മാര്‍ച്ചിനുശേഷം കിലോയ്ക്ക് 10 മുതല്‍ 13 രൂപവരെയാണ് കര്‍ഷകന് ലഭിക്കുന്നത്. കീടനാശിനി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പലയിടത്തും കൃഷിതടസ്സപ്പെടുത്തുന്നുമുണ്ട്. ഈപ്രശ്‌നങ്ങളെല്ലാംകൊണ്ട് മറ്റ് ജില്ലകളില്‍നിന്ന് കോഴിക്കോട് ജില്ലയില്‍ എത്തി കൃഷിചെയ്തിരുന്ന പത്തിലധികംപേര്‍ കൃഷി ഉപേക്ഷിച്ച് മടങ്ങിയെന്ന് പൈനാപ്പിള്‍ കര്‍ഷകനായ മുക്കം സ്വദേശി നിഖില്‍ പറയുന്നു.

പുതുതായി ആരും ഈ രംഗത്തേക്ക് വരുന്നുമില്ല. ഇരുപതുരൂപയിലധികം കര്‍ഷകന് ലഭിച്ചാലെ നഷ്ടമില്ലാതെപോവൂ. ലാഭംകിട്ടണമെങ്കില്‍ 30 രൂപയെങ്കിലും കിട്ടണം. പക്ഷേ എട്ട്മാസമായി ഒരേ അവസ്ഥയാണ്. ഉത്പാദനച്ചെലവുപോലും ലഭിക്കുന്നില്ല. ഒരേക്കറില്‍ കൃഷിചെയ്യാന്‍ പാട്ടത്തുകയടക്കം രണ്ടുലക്ഷം രൂപചെലവുവരും. ബാങ്ക് വായ്പയെടുത്താണ് കൃഷിനടത്തുന്നത്. വില ലഭിക്കാത്തത് വായ്പ തിരിച്ചടവിനെക്കൂടി ബാധിക്കുന്നുണ്ട്.

ലോക്ഡൗണില്‍ തുടങ്ങിയ ദുരിതം

12 മാസവും വിളവെടുക്കാന്‍ കഴിയുന്ന രീതിയിലാണ് പൈനാപ്പിള്‍ കൃഷിയിറക്കുക. അതുകൊണ്ട് ഒരുതവണ വിളവെടുപ്പ് മുടങ്ങിയാല്‍തന്നെ വലിയ നഷ്ടംവരും. മറുനാടന്‍ തൊഴിലാളികളാണ് തോട്ടങ്ങളിലെ ജോലിക്കാര്‍ കൂടുതലും. ഒന്നരമാസത്തിലധികം ലോക്ഡൗണായതോടെ അവരെല്ലാം നാട്ടിലേക്ക് മടങ്ങിയതോടെ വിളവെടുക്കാന്‍ കഴിയാതെ പൈനാപ്പിള്‍ തോട്ടങ്ങളില്‍ കിടന്നു നശിച്ചു. ഉള്ള തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിയ്ക്കാനും പറ്റാതെയായി.

വടകര, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളാണ് കോഴിക്കോട് ജില്ലയുടെ മലയോരമേഖലകളില്‍ കൃഷിചെയ്യുന്ന പൈനാപ്പിളിന്റെ വിപണി. ലോക്ഡൗണും പിന്നീടുള്ള കോവിഡ് നിയന്ത്രണങ്ങളും കാരണം വിപണി കണ്ടെത്താന്‍ കഴിയാതായി. എറണാകുളത്തെ വാഴക്കുളത്തുനിന്നുള്ള ഏജന്റുമാരെത്തി വാങ്ങിയിരുന്നെങ്കിലും അതുമിപ്പോള്‍ കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു.

താമരശ്ശേരി, കൂടരഞ്ഞി, തലയാട് എന്നീ മേഖകളിലെ റബ്ബര്‍തോട്ടങ്ങളിലാണ് പാട്ടത്തിനെടുത്ത് കൃഷിനടത്തുന്നത്. നാട്ടുകാരായ കര്‍ഷകരുണ്ടെങ്കിലും വന്‍തോതില്‍ കൃഷിചെയ്യുന്നവരെല്ലാം മൂവാറ്റുപൂഴ,വാഴക്കുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. രണ്ടായിരം മുതല്‍ ഇവിടെതുടരുന്നവരാണ് കൂടുതലും. മുന്നൂറും നാനൂറും ഏക്കറില്‍വരെ അവര്‍ കൃഷിചെയ്തിരുന്നു.

200 ഏക്കറിലെ കൃഷി ഒഴിവാക്കി

400 ഏക്കറിലാണ് കോഴിക്കോട്ട് കൃഷിനടത്തിയിരുന്നത്. ഇപ്പോള്‍ അത് 200 ഏക്കറായി കുറച്ചു. വിലയിടിവ് ഇത്രയുംകാലം ഒരിക്കലും നീണ്ടുനിന്നിട്ടില്ല. മാര്‍ച്ച് മുതലുള്ള വേനല്‍ക്കാലത്താണ് പൈനാപ്പിള്‍ കൂടുതല്‍ വിറ്റുപോവുകയും വില ലഭിക്കുകയും ചെയ്യുക. ഇത്തവണ വന്‍ തിരിച്ചടിയായി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിളവെടുക്കാന്‍പോലും പറ്റിയില്ല. ഉത്തരേന്ത്യയായിരുന്നു കേരളത്തില്‍ നിന്നുള്ള പൈനാപ്പിളിന്റെ പ്രധാനവിപണി. അവിടത്തെ തണുപ്പും വിപണിയെ സാരമായി ബാധിച്ചു.- ബേബിജോണ്‍, പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്.

Content Highlights: Pineapple price drops to Rs 10 per kg; farmers in distress