ചാത്തന്നൂര്‍: മൃഗസംരക്ഷണവകുപ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പന്നിവളര്‍ത്തല്‍ പരിശീലനം തുടങ്ങി. ഒന്നാംഘട്ട പരിശീലനത്തില്‍ അമ്പതോളം കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. വിദേശരാജ്യങ്ങളുമായി കിടപിടിക്കുന്ന പന്നി ഫാമുകള്‍ സ്ഥാപിക്കുന്ന സാങ്കേതികവിദ്യക്ക് പ്രാധാന്യം നല്‍കിയാണ് പരിശീലനം.

ദുര്‍ഗന്ധവും പരിസരമലിനീകരണവും തീരെയുണ്ടാകാതെ ഫാം നടത്താന്‍ സംരംഭകര്‍ക്കു കഴിയും. ചിറക്കര ഗ്രാമപ്പഞ്ചായത്ത് അംഗം വിനിത ദീപു കര്‍ഷകര്‍ക്ക് പന്നിക്കുഞ്ഞുങ്ങളെ വിതരണംചെയ്ത് പരിശീലപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എ.എല്‍.അജിത്, അസി. ഡയറക്ടര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.