കൊച്ചി: കുരുമുളകിന് മിനിമം ഇറക്കുമതി വില (എം.ഐ.പി.) 500 രൂപയായി നിശ്ചയിച്ചത് കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.). ആഭ്യന്തര വിപണിയിലെ വിലയിടിവ് തടയാനാണ് കുരുമുളകിന് മിനിമം ഇറക്കുമതി വില കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍, ഇതു നിശ്ചയിച്ച ശേഷവും വിലയിടിവ് തുടരുകയാണ്. 

ഉയര്‍ന്ന ഇറക്കുമതി വില നിശ്ചയിച്ചത് കുരുമുളകില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നവരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 20,500 ടണ്ണിലധികം കുരുമുളക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ മൂല്യവര്‍ധിത കുരുമുളക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം അംഗങ്ങളാണ് 13,500 ടണ്ണും ഇറക്കുമതി ചെയ്യുന്നത്. അത് മൂല്യവര്‍ധന നടത്തി തിരിച്ച് കയറ്റുമതി ചെയ്യുകയാണ് ഫോറം അംഗങ്ങള്‍ ചെയ്യുന്നത്. 

ഇതുകൂടാതെ, ശ്രീലങ്കയില്‍നിന്നുള്ള 2,500 ടണ്ണും ഓപ്പണ്‍ ഇറക്കുമതിയായ 4,500 ടണ്ണും ഉള്‍പ്പെടെ 7,000 ടണ്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തുന്നുണ്ട്. ഈ 7,000 ടണ്ണിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു പകരം പൂര്‍ണമായ ഇറക്കുമതി വിലക്കേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് എ.ഐ.എസ്.ഇ.എഫ്. ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി പത്രസമ്മേളനത്തില്‍ പറഞ്ഞു. 

അന്താരാഷ്ട്ര വിലയില്‍നിന്ന് 40 ശതമാനം അധികമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കുരുമുളക് വില. ഇറക്കുമതി വില നിശ്ചയിക്കുന്നതിന് തൊട്ടുമുമ്പ് 426.57 രൂപയായിരുന്ന കുരുമുളകിന്റെ വില ഫെബ്രുവരി അവസാനം 392.17 രൂപയിലെത്തി. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ വിലയുമായി ആഭ്യന്തര വിലയ്ക്ക് ബന്ധമില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. 

200 രൂപ മുതല്‍ 250 രൂപ വരെ വിലയില്‍ വിയറ്റ്നാമില്‍നിന്ന് ലഭ്യമാകുന്ന അസംസ്‌കൃത കുരുമുളകുകൊണ്ടാണ് ഇപ്പോള്‍ അന്താരാഷ്ട്ര കമ്പനികള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കുരുമുളകിനൊപ്പം അനുബന്ധമായി കയറ്റി അയയ്ക്കുന്ന വറ്റല്‍ മുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയെയും പ്രശ്നം ബാധിച്ചിരിക്കുകയാണെന്നും വ്യവസായികള്‍ പറയുന്നു. 

കയറ്റുമതി ഇല്ലെങ്കില്‍ ഇന്ത്യന്‍ കുരുമുളകിന് ഇപ്പോഴത്തെ വില പോലും കിട്ടില്ല. അതിനാല്‍, മൂല്യവര്‍ധിത കയറ്റുമതിക്ക് നഷ്ടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. എ.ഐ.എസ്.ഇ.എഫ്. മുന്‍ ചെയര്‍മാന്‍മാരായ ഫിലിപ്പ് കുരുവിള, ജീമോന്‍ കോര തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content highlights: Pepper exports, Kochi, Agriculture