ഉരുള്‍പൊട്ടലില്‍ സര്‍വ്വം തകര്‍ന്ന മീന്‍കുഴി പുത്തന്‍വീട്ടില്‍ ഷാജിയെ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചപ്പോള്‍ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പ കൗതുകമായി. ഷാജിയുടെ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കപ്പ ഞായറാഴ്ച വിളവെടുത്തപ്പോഴാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. കപ്പക്കിഴങ്ങിന് ഏഴടിനീളം. ഒരു കിഴങ്ങിന് 12 കിലോവരെ തൂക്കം. ഒരു മൂടിനല്ല പിഴുതെടുത്ത അഞ്ച് മൂടിനും ശരാശരി സമാന തൂക്കം കണ്ടെത്തിയതോടെ ഷാജി എന്ന കര്‍ഷകനും പിഴുതെടുത്ത കപ്പയും നാട്ടിലെ താരമാകുകയാണ്.
2018-ലെ മഹാ പ്രളയത്തോടനുബന്ധിച്ചുണ്ടായ ഉരുള്‍പൊട്ടലില്‍ ഷാജിയുടെ വീട് ഉള്‍പ്പെടെ സര്‍വതും നശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീടിരുന്ന സ്ഥലം വെറുതെ കിടക്കുകയായിരുന്നു. പിന്നീടിവിടെ ഷാജി കപ്പ നടുകയാണുണ്ടായത്. ഉരുള്‍പൊട്ടലില്‍ കുത്തിയൊഴുകിയ പത്ത് സെന്റ് സ്ഥലത്താണ് ഷാജിയും ഭാര്യ അമ്പിളിയും ചേര്‍ന്ന് മിക്ചര്‍ ഇനത്തില്‍പ്പെട്ട കപ്പത്തണ്ട് നട്ടുപിടിപ്പിച്ചത്.
34 മൂട് കപ്പയാണ് ആകെ നട്ടത്. ഇതില്‍ അഞ്ച് മൂട് ഞായറാഴ്ച വിളവെടുത്തപ്പോഴാണ് ഷാജിയെപ്പോലും അമ്പരപ്പിച്ചത്. കപ്പയുടെ അസാമാന്യ വലുപ്പം കണ്ടതോടെ സമീപപ്രദേശങ്ങളില്‍നിന്നെല്ലാം കര്‍ഷകര്‍ കപ്പ കാണാന്‍ ഇവിടെ എത്തുകയുണ്ടായി. നട്ടുവളര്‍ത്തിയ കപ്പത്തണ്ടിന് ആറടിമാത്രമേ വലുപ്പമുള്ളൂ. ഇത് പിഴുതെടുത്തപ്പോഴാണ് കപ്പത്തടിയേക്കാള്‍ നീളമുള്ള കപ്പക്കിഴങ്ങ് കണ്ടെത്തിയത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റമാകാം കപ്പയുടെ ഈ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ചിറ്റാര്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് അനില്‍ കുമാര്‍ പറഞ്ഞു. ഷാജിയുടെ കൃഷിയിടത്തില്‍ മറ്റ് പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. ഇതിന്റെ വളര്‍ച്ചയും പരിശോധിക്കാനാണ് കൃഷി ഭവന്‍ അധികൃതരുടെ നീക്കം.
Content Highlights: Pathanamthitta farmer harvests giant tapioca