പപ്പായയുടെ കറയില്‍നിന്ന് ആദായമുണ്ടാക്കാം എന്നതിന് പ്രചാരമായതോടെ കേരളത്തില്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കൃഷി 250 ഏക്കറിലെത്തി. എട്ട് ജില്ലകളിലായിട്ടാണിത്. പപ്പായക്കര്‍ഷകരുടെ കമ്പനി മലപ്പുറത്ത് ഉടന്‍ നിലവില്‍വരും. സ്വദേശി ശാസ്ത്രപ്രസ്ഥാനമാണ് കേരളത്തില്‍ പപ്പായകൃഷിയുടെ സാധ്യത പ്രചരിപ്പിച്ചത്.

കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ ഐ-സ്റ്റെഡ് (ഇന്നവേഷന്‍-സയന്‍സ് ആന്‍ഡ് ടെക്നോളജി ബേസ്ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്) പദ്ധതിയിലാണ് കൃഷിയുടെ പ്രോത്സാഹനം നടക്കുന്നത്. പച്ച പപ്പായയില്‍നിന്ന് ടാപ്പ് ചെയ്‌തെടുക്കുന്ന പപ്പായിന്‍ എന്ന കറയ്കാണ് ആവശ്യം. കിലോയ്ക്ക് 135 രൂപയാണ് കിട്ടുക. ആയുര്‍വേദ, അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിനാണ് പപ്പായിന്‍ ഉപയോഗിക്കുന്നത്.

ദഹന അസുഖങ്ങള്‍, ഡെങ്കിപ്പനി തുടങ്ങിയവയുടെ ചികിത്സയിലെ മരുന്നുകള്‍ക്കാണ് ഉപയോഗിക്കുന്നത്. കൃഷിക്ക് ഏക്കറിന് 30,000 രൂപവരെ സബ്സിഡി നല്‍കുന്നുണ്ട്. പപ്പായയ്ക്ക് അരക്കിലോഗ്രാം ഭാരം വരുമ്പോള്‍ മുതല്‍ ടാപ്പ് ചെയ്യാം. തൊലിയില്‍ രണ്ട് മില്ലിമീറ്റര്‍ ആഴത്തില്‍ കീറലുണ്ടാക്കുകയാണ് ചെയ്യുന്നത്. 

ഒരു പപ്പായ നാലുതവണ ടാപ്പ് ചെയ്യാം. കറ ശേഖരിച്ചശേഷം മൂപ്പെത്തിയ കായ്കള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. കര്‍ഷകരില്‍നിന്നും കോയമ്പത്തൂരിലെ സെന്തില്‍ എന്ന കമ്പനിയാണ് കറ സംഭരിക്കുന്നത്.

Content Highlights: Papaya sap or latex fetches profit; farming expanded to 250 acres in Kerala