.jpg?$p=3ca10ba&f=16x10&w=856&q=0.8)
പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം പുതുതായി വികസിപ്പിച്ച പന്നിയൂർ-10 ഇനത്തിൽപ്പെട്ട കുരുമുളക്
കണ്ണൂര്‍: കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിക്കുന്നതിന് ജനിതകമാറ്റം നടത്തി വികസിപ്പിച്ച പന്നിയൂര്‍-10 ഇനം കുരുമുളക് വിജയകരമെന്ന് കണ്ടെത്തി. പേര് സൂചിപ്പിക്കുന്നതുപോലെ, പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍നിന്ന് വികസിപ്പിക്കുന്ന പത്താമത്തെ ഇനമാണിത്.
കഠിനമായ വരള്‍ച്ചയെയും അതിവര്‍ഷത്തെയും അതിജീവിക്കുന്നതിനാണ് പുതിയ ഇനം വികസിപ്പിച്ചത്. വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈയിനം കുരുമുളക് കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിക്കുമെന്ന് കണ്ടെത്തിയത്. ഗവേഷണകേന്ദ്രം മേധാവി പ്രൊഫ. വി.പി.നീമ, ഗവേഷകരായ ഡോ. പി.എം.അജിത്, പ്രൊഫ. യാമിനി വര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഈ ഇനം വികസിപ്പിച്ചത്. കാലംതെറ്റിയ മഴയും വരള്‍ച്ചയും ഏറ്റവുമധികം ബാധിക്കുന്നത് കുരുമുളക് കൃഷിയെയാണ്.
2017 മുതലാണ് പുതിയ ഇനത്തിനായുള്ള ഗവേഷണം ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്നതിനുപുറമെ, ഉത്പാദനക്ഷമതയും കീടപ്രതിരോധശേഷിയും പന്നിയൂര്‍-10ന്റെ പ്രത്യേകതയാണെന്ന് ഗവേഷകര്‍ പറഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് കായ്ച്ച് തുടങ്ങും. കുരുമുളകിന് നല്ല തൂക്കം ലഭിക്കും. ഒരുകൊടിയില്‍നിന്ന് ശരാശരി ആറുകിലോ പച്ചക്കുരുമുളക് ലഭിക്കും.
പുതിയ ഇനമായതിനാല്‍ അടുത്തവര്‍ഷത്തോടെ മാത്രമേ കൃഷിക്കാര്‍ക്ക് ആവശ്യമുള്ളത്ര തൈകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. കുരുമുളകുകൃഷിയില്‍ വിപ്ലവമുണ്ടാക്കിയ പന്നിയൂര്‍ ഒന്നാണ് ആദ്യത്തെയിനം. ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ള ഇനവും ഇതുതന്നെ. വ്യത്യസ്ത സവിശേഷതകളുള്ളതാണ് മറ്റ് എട്ട് ഇനങ്ങളും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..