പാലക്കാട്, പേരടിയൂര്‍ ഉള്ളാട്ടില്‍ ഷാജഹാന്റെ കൃഷിയിടത്തില്‍ ഇനി ഈന്തപ്പനയുടെ തലയെടുപ്പും. ആഴ്ചകള്‍ക്കുമുമ്പ് രാജസ്ഥാനില്‍നിന്ന് കൊണ്ടുവന്ന മൂന്ന് വര്‍ഷത്തോളമായ ഇന്തപ്പനയാണ് കൃഷിയിടത്തില്‍ വളരുന്നത്. നാട്ടുകാര്‍ക്കും ഈന്തപ്പന കൗതുകമായി മാറി.

അറേബ്യന്‍നാടുകളില്‍ കണ്ടുവരുന്ന പലവിധ ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാണ് ഷാജഹാന്റെ കൃഷിയിടം. ഊത്, കറുവപ്പട്ട, സപ്പോട്ട, ആപ്പിള്‍, പേരക്ക, ഓറഞ്ച് തുടങ്ങിയ ഫലവൃക്ഷങ്ങളും കൃഷിയിടത്തിലുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഇത്തരം കൃഷിയില്‍ സജീവമാണ് ഇയാള്‍. ഈന്തപ്പന നാട്ടിലെത്താന്‍ 12,000ത്തോളം രൂപ ചെലവ് വന്നതായി ഷാജഹാജന്‍ പറഞ്ഞു.

ജൈവ വളങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത.് അപൂര്‍വ ഇനങ്ങളുടെ കൃഷിയോടാണ് ഷാജഹാന് താത്പര്യം.ടയര്‍ ബിസിനസ് നടത്തുന്ന ഷാജഹാന്‍ ഒഴിവുനേരങ്ങളിലാണ് കൃഷിയിലേക്കിറങ്ങുന്നത്. വരുമാനം എന്നതിലുപരി കൃഷിയോടുള്ള താത്പര്യത്താലാണ് ഈ രംഗത്ത് തുടരുന്നത്. 

20 സെന്റ് സ്ഥലത്താണ് കൃഷി പ്രവര്‍ത്തനങ്ങള്‍. ഭാര്യ ഫാരിഷയും മക്കളായ ഷാനവാസ്, ഷബിനാസ്, ഷഹന എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: Palakkad native planted Date palm on his farm