ചിറ്റൂര്‍: തൊഴിലാളിക്ഷാമം രൂക്ഷമായ ചിറ്റൂരിലെ കാര്‍ഷികമേഖലയിലേക്ക് തുണയായി ബംഗാളില്‍ നിന്നുള്ള കര്‍ഷകത്തൊഴിലാളികള്‍. ഇവരുടെ വരവോടെ സമയവും പണവും ലാഭിക്കാനും മാനസികപിരിമുറുക്കമില്ലാതെ വിളയിറക്കാനും കഴിയുന്നതായി കര്‍ഷകര്‍ പറഞ്ഞു.

ഒരേക്കറിലെ ഞാറ് ഒരുദിവസംകൊണ്ട് പറിച്ച് നടുന്നതിന് അഞ്ച് ബംഗാളിതൊഴിലാളികള്‍ മതി. അവര്‍ക്ക് 4,000 രൂപയാണ് കൂലിയായി നല്‍കുന്നത്. അതേസമയം, ഇവിടത്തെ തൊഴിലാളികളാണെങ്കില്‍ ഒരേക്കറില്‍ ഞാറ് നടുന്നതിന് 17 പേര്‍ വേണ്ടിവരും. ഇവര്‍ക്കെല്ലാംകൂടി കൂലിയായി 5,300 രൂപ നല്‍കേണ്ടി വരുന്നുണ്ടെന്നും പുറമെ ലഘുഭക്ഷണവും നല്‍കേണ്ടിവരുന്നുണ്ടെന്നും പരുത്തിക്കാവ് പാടശേഖരസമിതി സെക്രട്ടറി ടി.എ. വിശ്വനാഥന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ ചിറ്റൂര്‍മേഖലയില്‍ കര്‍ഷകത്തൊഴിലാളിക്ഷാമം ഇല്ലായിരുന്നു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നതോടെയാണ് ക്ഷാമമുണ്ടായത്. ഇപ്പോള്‍ മേഖലയിലെ പല കര്‍ഷകരും ഞാറുപറിക്കും നടീലിനുമായി മറ്റ് ജില്ലകളില്‍നിന്നും പൊള്ളാച്ചിയില്‍നിന്നും മറ്റുമാണ് തൊഴിലാളികളെ എത്തിക്കുന്നത്.

തൊഴിലാളികളെ സമയത്തിന് കിട്ടാതെവന്നതോടെ നടീലും വളപ്രയോഗവും കൃത്യമായി നടത്താനാവാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. ബംഗാളില്‍നിന്നെത്തിയ തൊഴിലാളികള്‍ ഈ സാഹചര്യത്തിലാണ് ആശ്വാസമാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

Content highlights: Agriculture, Organic farming, Paddy field