അതിരപ്പിള്ളി: വനത്തിനുള്ളില്‍ കാടുപിടിച്ചുകിടന്ന പത്തേക്കര്‍ സ്ഥലം വെട്ടിത്തെളിച്ച് കാട്ടുമൃഗങ്ങളോടും പക്ഷികളോടും മല്ലിട്ട് പൊന്നുവിളയിച്ച തവളക്കുഴിപ്പാറ ആദിവാസി ഊരിന് പുരസ്‌കാരം. ആദിവാസി കോളനികളിലെ കൃഷിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡില്‍ മൂന്നാം സ്ഥാനമാണ് തവളക്കുഴിപ്പാറ കോളനിയിലെ നെല്‍കൃഷിക്ക് ലഭിച്ചത്.

Paddyfieldഅതിരപ്പിള്ളി പഞ്ചായത്തിന്റെയും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തിയത്. പൂര്‍ണമായും ജൈവകൃഷിയായിരുന്നു. വിത്തും വളവും കൃഷിവകുപ്പ് സൗജന്യമായി നല്‍കി. ഔഷധഗുണമുള്ള രക്തശാലി നെല്‍വിത്താണ് കൃഷിചെയ്തത്. ഏഴ് ടണ്ണിലേറെ വിളവ് ലഭിച്ചു. ഈ നെല്ല് കൃഷിവകുപ്പിന്റെ സഹകരണത്തോടെ വിപണനം നടത്തി.

കോളനിയിലെ 20 കുടുംബങ്ങളാണ് നെല്‍കൃഷി ചെയ്യാന്‍ തയ്യാറായത്. നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ കാട്ടുപന്നി, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളോടും പലതരം പക്ഷികളോടും മല്ലിട്ടാണ് ആദിവാസികള്‍ കൃഷിചെയ്തത്. വന്യമൃഗങ്ങളെ ഓടിക്കാന്‍ പാടത്ത് തുണികള്‍കൊണ്ട് കോലങ്ങള്‍ ഉണ്ടാക്കി. നെല്ല് തിന്നുന്ന പക്ഷികളെ ഓടിക്കാന്‍ മുളകൊണ്ട് ശബ്ദമുണ്ടാക്കുന്ന ഉപകരണമുണ്ടാക്കിവെച്ചു. രാത്രി ഉറക്കമൊഴിച്ച് ശബ്ദമുണ്ടാക്കിയും പടക്കംപൊട്ടിച്ചും ആദിവാസികള്‍ കൃഷിക്ക് കാവലിരുന്നു. ഈ പ്രയത്നത്തിനാണ് സര്‍ക്കാരിന്റെ അംഗീകാരം കോളനിക്കാരെ തേടിയെത്തിയത്.

തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാറില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, കൃഷി ഓഫീസര്‍ പി.കെ. ജയശ്രീ, ഊരുമൂപ്പന്‍ ഗോപി, പഞ്ചായത്തംഗം കെ.കെ. റിജേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

Content highlights : Paddy field, Agriculture, Organic farming