വാഴക്കുളം: കൊയ്ത്തുപാകം കഴിഞ്ഞ നെല്ല് കൊയ്ത്ത് യന്ത്രം കിട്ടാത്തതിനാല്‍ കൊയ്തെടുക്കാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു കാവന പാടശേഖരത്തിലെ കര്‍ഷകര്‍. ചൊവ്വാഴ്ച വാഴക്കുളത്ത് പെയ്ത ചാറ്റല്‍ മഴയും ആശങ്കയാണവര്‍ക്ക് സമ്മാനിച്ചത്. അഞ്ചേക്കറോളം പാടത്ത് വിളഞ്ഞ നെല്ല് മഴയില്‍ നിലംപതിച്ചാല്‍ കൊയ്ത്ത് വിഷമകരമാകുമെന്നതായിരുന്നു കാരണം. എന്തായാലും തൃശ്ശൂരില്‍നിന്ന് കൊയ്ത്ത് യന്ത്രം ലോറിയിലെത്തിച്ച് ബുധനാഴ്ചതന്നെ നെല്ല് കൊയ്തെടുത്തു.

agricultureഒമ്പതു കര്‍ഷകര്‍ സഹകരിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. ആവോലി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. പാടശേഖര സമിതിയുടെ മേല്‍നോട്ടത്തിലാണ് കൃഷി. ജെയിന്‍ മാത്യുവാണ് പ്രസിഡന്റ്. നെല്ല് കൊയ്യേണ്ട സമയം അതിക്രമിച്ചെങ്കിലും കൊയ്ത്ത് യന്ത്രം കിട്ടാതെ വന്നതാണ് കര്‍ഷകരെ വിഷമിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്ന് വാടകയ്ക്കെക്കെടുത്തവര്‍ തൃശ്ശൂരില്‍ കൊയ്ത്തിന് ശേഷമാണ് ഇത് വാഴക്കുളത്ത് എത്തിച്ചിരിക്കുന്നത്.

കാവനയിലെ കൊയ്ത്തിന് ശേഷം അരിക്കുഴ പാടശേഖരമാണ് വ്യാഴാഴ്ച കൊയ്യുന്നത്. തുടര്‍ന്ന് പൂതക്കാവിലാണ് കൊയ്ത്ത്. കനാല്‍വെള്ളം ഉള്ളതിനാല്‍ അരിക്കുഴയില്‍ കൊയ്ത്ത് ദുഷ്‌കരമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മണിക്കൂറിന് 2500 രൂപയാണ് ഈടാക്കുന്നത്. ലോറിക്കൂലിയും നല്‍കണം. കൊയ്ത് മെതിച്ചാണ് നെല്ല് കിട്ടുന്നത്. വയ്ക്കോല്‍ ഇപ്പോള്‍ പാടത്തുതന്നെ നില്‍ക്കുകയാണ്. മൂന്നുദിവസം കഴിഞ്ഞേ ഇത് കൊയ്തെടുക്കൂ. ട്രാക്ടറിനു പിന്നില്‍ മറ്റൊരു യന്ത്രം ഘടിപ്പിച്ച് ഇരുപത്തഞ്ച് കിലോഗ്രാം തൂക്കമുള്ള ചുരുളുകളായാണ് വയ്ക്കോല്‍ ശേഖരിക്കുന്നത്. കെട്ടൊന്നിന് 40 രൂപയാണ് പണിക്കൂലി. ചെയിന്‍ ഉപയോഗിച്ചുള്ള കൊയ്ത്ത് യന്ത്രമായതിനാല്‍ വയ്ക്കോല്‍ ഭാഗികമായി നഷ്ടപ്പെടുമെന്നാണ് കാവനപ്പാടത്തെ കര്‍ഷകനായ ജെയ്സ് മാത്യു കളപ്പുരയ്ക്കല്‍ പറയുന്നത്. ജോസ് മുതകുന്നേല്‍, ജോസ് വെട്ടുകല്ലുംപുറത്ത്, ജോസ് മഞ്ചേരില്‍, ജസ്റ്റിന്‍ വെട്ടുകല്ലുംപുറത്ത്, ചാക്കോച്ചന്‍ ചാത്തോളില്‍ ഫ്രാന്‍സിസ് വെട്ടുകല്ലുംപുറത്ത് തുടങ്ങിയവരുടേതാണ് ഇവിടുത്തെ കൃഷി.

കല്ലൂര്‍ക്കാട് കൊയ്ത്ത് യന്ത്രമുണ്ട്; നന്നാക്കാന്‍ ഫണ്ടില്ല

കല്ലൂര്‍ക്കാട് പഞ്ചായത്തിന് കൊയ്ത്ത് യന്ത്രം സ്വന്തമായുണ്ടെങ്കിലും രണ്ടുവര്‍ഷമായി കേടായിട്ട്. ഇത് കൃഷി ഓഫീസിലെ ഷെഡ്ഡില്‍ ഇട്ടിരിക്കയാണ്. നന്നാക്കാനുള്ള ഒരു ശ്രമവും നടക്കുന്നുമില്ല. കൊയ്ത്ത് യന്ത്രം അറ്റകുറ്റപ്പണികള്‍ നടത്തി പുറത്തിറക്കണമെങ്കില്‍ നാലുലക്ഷം രൂപ മുടക്കു വരും. ഇതനുവദിക്കുവാന്‍ പഞ്ചായത്തിന് ഫണ്ടില്ലെന്നാണ് കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനീസ് ക്ലീറ്റസ് പറയുന്നത്. 

കൊയ്ത്ത് യന്ത്രം നന്നാക്കാന്‍ മറ്റ് ഫണ്ടുകള്‍ ലഭ്യമല്ലെന്നും അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് യന്ത്രത്തിന്റെ പണിക്കൂലിയിലൂടെയാണ് കണ്ടെത്തേണ്ടതെന്നുമാണ് കല്ലൂര്‍ക്കാട് കൃഷി ഓഫീസര്‍ സാജു കെ.സി. പറയുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ. ഒരു ലക്ഷം രൂപ ഈ ആവശ്യത്തിലേക്കായി വാഗ്ദാനം ചെയ്തെങ്കിലും അതുകൊണ്ട് ഒന്നുമാകില്ലെന്ന നിലപാടിലാണ് പഞ്ചായത്തും കൃഷി ഓഫീസും. കൊയ്ത്ത് യന്ത്രം നന്നാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നെല്‍ക്കര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Content highlights: Agriculture, Organic farming, Thrissur, Paddy field