കാലം തെറ്റിയ മഴയും കീടബാധയും; എങ്ങനെ ഞങ്ങൾ നെൽകൃഷി ചെയ്യും?- കർഷകർ ചോദിക്കുന്നു


വരുൺ കുന്നത്ത്

തവനൂർ കൃഷിവിജ്ഞാനം അസിസ്റ്റന്റ് പ്രൊഫസർമാരുടെ നേതൃത്വത്തിൽ കോട്ടയ്ക്കലിലെ രോഗം ബാധിച്ച കൃഷിയിടങ്ങൾ സന്ദർശിക്കുന്നു | ഫോട്ടോ : വരുൺ കുന്നത്ത്, മാതൃഭൂമി

ഒതുക്കുങ്ങൽ: കാലം തെറ്റിയ മഴയും കീട ബാധയും വർദ്ധിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് നെൽ കർഷകർ. ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി ഏക്കർ കണക്കിന് നെൽകൃഷിയാണ് രോഗം മൂലം നശിക്കുന്നത്. കീടരോഗങ്ങൾക്കൊപ്പം കുമിൾ രോഗങ്ങളും വ്യാപകമായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. കോട്ടയ്ക്കൽ നഗരസഭ പരിധിയിൽ വില്ലൂർ, കാവതികളം, പാലപ്പുറ പാടശേഖരങ്ങളിലായി ഏക്കറ് കണക്കിന് കൃഷിയിലാണ് രോഗം ബാധിച്ചിട്ടുള്ളത്.

ഓലചുരുട്ടി പുഴുവിന്റെയും മുഞ്ഞയുടെയും അക്രമണത്തിൽ വില്ലൂർ, കാവതികളം എന്നിവിടങ്ങളിൽ മാത്രം ഏക്കർ കണക്കിന് കൃഷിയാണ് നശിക്കുന്നത്. ബാക്ടിരിയൽ ഇലകരിച്ചിൽ രോഗവും വ്യാപകമായി പടർന്നു പിടിച്ചിട്ടുണ്ട്. രോഗബാധ കൂടിയ പ്രദേശങ്ങളിൽ തവനൂർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഡോ. നാജി ത, ഡോ.കെ. പ്രശാന്ത് എന്നിവരാണ് പരിശോധന നടത്തിയത്. കോട്ടയ്ക്കൽ കൃഷി ഓഫിസർ എം.വി വൈശാഖൻ, ഒതുക്കുങ്ങൽ കൃഷി ഓഫിസർ ശ്രുതി പ്രകാശ് എന്നിവരും കൂടെയുണ്ടായിരുന്നു.

വ്യാപകമായി കാണപ്പെട്ട രോഗങ്ങളും, കീടബാധയും

ഫാൾസ്മട്ട് അഥവ ലക്ഷ്മി രോഗം

ഇതൊരു കുമിൾ രോഗമാണ്. കതിരിൻറെ ചില മണികളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. രോഗം ബാധിച്ച നെന്മണികൾ അതിൻറെ ഇരട്ടിയോളം വലുപ്പത്തിൽ ഗോളാകൃതിയിൽ കുമിളിന്റെ സ്പോറുകളുടെ കൂട്ടമായി മാറുന്നു. ആദ്യം മഞ്ഞ കലർന്ന ഓറഞ്ച് നിറമുളള മണികൾ ക്രമേണ കറുത്ത നിറമായി മാറുന്നു. ഇത് നെല്ലിന്റെ ഗുണമേൻമയെ സാരമായി ബാധിക്കും, വിളവ് കുറയും, ഭക്ഷ്യയോഗ്യമല്ലാതാതാവും.

പോള രോഗം

ഇതും ഒരു കുമിൾ രോഗമാണ്. നെൽച്ചെടിയുടെ ഏറ്റവും പുറമേയുള്ള ഓലകൾ മഞ്ഞ നിറം ആകുന്നതാണ് ഇതിൻറെ ഒരു ലക്ഷണം. കടഭാഗം നോക്കിയാൽ ജലനിരപ്പിന് തൊട്ട് മുകളിലായി ഇലകളിൽ കറുത്ത പാടുകൾ കാണാവുന്നതാണ്. ചിലസമയങ്ങളിൽ താഴെ ഭാഗത്തുള്ള തണ്ടിന്റെ ഭാഗങ്ങളിലും ഇലകളിലും തിളച്ച വെള്ളം വീണ് പൊള്ളിയ പോലെ ചാരനിറം കലർന്ന ഇളംപച്ച പാടുകൾ ആയിരിക്കും. ഈ പാടുകൾ പൂർണ്ണമായി വ്യാപിക്കുന്നതോടെചെടി നശിക്കുന്നു. കതിര് വരുന്ന പ്രായത്തിൽ ഈ രോഗം വന്നാൽ മണികൾ പതിരായി മാറുന്നു.

ഓലചുരുട്ടി പുഴു

ഉയർന്ന ആർദ്രത, മൂടിക്കെട്ടിയ അന്തരിക്ഷം, പകൽ സമയത്തെ ചൂട് എന്നിവയാണ് ഓലചുരുട്ടി പുഴുവിന്റെ അക്രമണത്തിന് കാരണമാവുന്ന അനുകുലമായ ഘടകങ്ങൾ.
ഇലയിൽ മുട്ടയിട്ട് പുറത്തുവരുന്ന പുഴുക്കൾ ചെടികളിലെ ഹരിതകം കാർന്നു തിന്നുന്നതാണ് പ്രധാന ലക്ഷണം. കീടത്തിന്റെ ആക്രമണം രൂക്ഷമാവുമ്പോൾ മുഴുവൻ ഇലകളും ഉണങ്ങി കരിഞ്ഞപോലെയാകുന്നു. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുകയും നാശത്തിന് കാരണമാവുകയും ചെയ്യും.

ബാക്ടിരിയൽ ഇലകരിച്ചിൽ

ഇലയുടെ അഗ്രഭാഗത്തുനിന്ന് താഴോട്ട് വശങ്ങളിലൂടെ ഇല മഞ്ഞളിച്ച് കരിഞ്ഞു പോകുന്നതാണ് ലക്ഷണം. സാന്തോമൊണാസ് എന്ന ബാക്ടീരിയയാണ് രോഗകാരി.
രോഗം ബാധിക്കുന്നതോടെ ചുവട് ഭാഗം ചീഞ്ഞ് നെൽ ചെടി നശിക്കുന്നു.

കീടരോഗ പ്രതിരോധ മാർഗങ്ങൾ

1. ഫാൾസ്മട്ട് അഥവാ ലക്ഷ്മി രോഗത്തെ രാസ കുമിൾ നാശിനികൾ ഉപയോഗിച്ച് പ്രതിരോധിക്കാം, രോഗവ്യാപനം നിയന്ത്രിക്കാം. പ്രൊപ്പി കൊണാസോൾ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രോഗം ബാധിച്ച നെല്ലിൽ സ്പ്രേ ചെയ്ത് രോഗത്തെ നിയന്ത്രണ വിധേയമാക്കാം.

2. പോളരോഗവും ഒരു കുമിൾ രോഗമായതിനാൽ കുമിൾ നാശിനികൾ ഉപയോഗിക്കാം. കാർബൻഡാസിം 1 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്ത് രോഗത്തെ പ്രതിരോധിക്കാം.

3. ഓലചുരുട്ടിപ്പുഴു ന്റെ അക്രമണം തടയാൻ ആരംഭഘട്ടത്തിൽ എതിർ പ്രാണികളുടെ മുട്ട കാർഡുകൾ (ട്രൈക്കോ കാർഡുകൾ) പാടത്ത് നിശ്ചിത ഇടവേളകളിൽ സ്ഥാപിച്ച് ഈ കീടത്തെ ഫലപ്രദമായി നിയന്ത്രിക്കാം. രോഗവ്യാപനം കൂടിയാൽ ഫ്ലു ബെൻ ഡയാമൈഡ് 2 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഓലചുരുളുകൾ നിവർത്തിയ ശേഷം രാസ കീടനാശിനി പ്രയോഗം നിർബന്ധമാണ്.

4. ബാക്ടിരിയൽ ഇലകരിച്ചിൽ: രോഗം ആരംഭഘട്ടത്തിൽ നിയന്ത്രിക്കുന്നതിന് ഒരു ലിറ്റർ പച്ച ചാണക തെളിയിൽ സ്യു ഡോമൊണാസ് 20 ഗ്രാം കലക്കി അരിച്ചെടുത്ത് സ്പ്രേ ചെയ്യാം.
രോഗം രൂക്ഷമായാൽ ആന്റിബയോട്ടിക്കുകളായ ടെട്രാസൈക്ലിൽ, സ്ട്രെപ്റ്റോ സൈക്ലിൻ, അഗ്രിമൈസിൻ മുതലായ ആന്റി ബയോട്ടിക്കുകൾ സ്പ്രേ ചെയ്ത് രോഗം നിയന്ത്രണമാക്കാം.
അതോടൊപ്പം ബ്ലീച്ചിംങ് പൗഡർ തുണിയിൽ കെട്ടി പാടത്ത് വിവിധ ഭാഗങളിൽ ഇട്ടു കൊടുക്കുക.

കർഷകർ ശാസ്ത്രിയ പരിപാലനമുറകൾ കൃത്യമായി പാലിക്കണം.

മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷി രീതികളിലും മാറ്റം വരുത്തേണ്ട സ്ഥിതിയാണിപ്പോൾ. ശാസ്ത്രിയ രീതിയിൽ വളപ്രയോഗവും നിയന്ത്രണമാർഗങ്ങളും ഉപയോഗിച്ച് ഒരു പരിധിവരെ കീടരോഗ ബാധയെ നിയന്ത്രിക്കാവുന്നതാണ്. കൃഷി ചെയ്യുന്നതിന് മുമ്പായി മണ്ണിന്റെ അമ്ലത കുറക്കുന്നതിന് ആവശ്യമായ രീതിയിൽ മണ്ണിൽ കുമ്മായം ചേർക്കുകയും പൊട്ടാഷ് വളത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കർഷകർ ചെയ്യണം. രോഗബാധ കണ്ട ഉടൻ തന്നെ വിദഗ്ദ്ധ അഭിപ്രായം തേടി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ഇത് രോഗം വ്യാപകമാവുന്നത് തടയും -പ്രകാശ് പുത്തൻ മഠത്തിൽ, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ, ആത്മ കാസറഗോഡ്

നെൽകൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ

കാലവസ്ഥയിലുള്ള മാറ്റം നെൽകൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്കാണ് പോവുന്നത്. കീടബാധയും രോഗങ്ങളും കൂടിയ തോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇത്തവണ ഉണ്ടാവുക. കീടനാശിനിയുടെ വിലയും താങ്ങാവുന്നതിനും അപ്പുറമാണ്- യൂനസ് കറുത്തേടത്ത്, കർഷകൻ, വില്ലൂർ പാടശേഖരം

നടപടികൾ സ്വീകരിച്ചിട്ടുണ്ട്

കൃഷി ഭവൻ കർഷകർക്ക് വേണ്ട എല്ലാ നടപടികളും സ്വികരിച്ചിട്ടുണ്ട്. ഇൻഷൂർ ചെയ്ത കർഷകർക്ക് കീടരോഗാക്രമണം മൂലമുള്ള നാശനഷ്ടത്തിനുള്ള ആനുകൂല്യം ലഭിക്കും. കീടരോഗാക്രമണങ്ങൾ കാണുന്ന മുറയ്ക്ക് കൃഷിഭവനുമായി ഉടൻ ബന്ധപ്പെടണം. വിദഗ്ദ്ധ അഭിപ്രായം തേടാതെ കീടനാശിനി പ്രയോഗം നടത്തരുത് -എം.വി വൈശാഖൻ, കൃഷി ഓഫിസർ, കോട്ടയ്ക്കൽ

Content Highlights: paddy farmers stuggles due to untimelt rain and multiple diseases to crops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented