എടവണ്ണ: കിഴക്കേ ചാത്തല്ലൂരിലെ പലചരക്ക് വ്യാപാരി കൊരമ്പ മജീദിന് തന്റെ കടയും കൃഷിയും ഒരുപോലെ മുഖ്യമാണ്. കൃഷിയും കച്ചവടവും ഒരുപോലെ മുന്നോട്ട് നീക്കുന്ന മജീദ് ഇത്തവണ നെല്‍കൃഷിയിലേക്കും തിരിഞ്ഞു. പാട്ടത്തിന് പച്ചക്കറി കൃഷിചെയ്യുന്ന ഇദ്ദേഹം ഇത്തവണ കടയോടുചേര്‍ന്ന നാലുസെന്റ് സ്ഥലത്താണ് ഐശ്വര്യ നെല്‍വിത്ത് വിതച്ചത്.

കഴിഞ്ഞതവണ ഇവിടെ നെല്‍കൃഷി ഒരുക്കിയെങ്കിലും കരിഞ്ഞുണങ്ങി. എന്നാല്‍ പ്രതീക്ഷയുടെ തിരി വീണ്ടും കൊളുത്തിയാണ് മജീദ് വിജയം കുറിച്ചത്. 'കുറഞ്ഞ സ്ഥലത്ത് എന്ത് ചെയ്യാനാ' എന്ന ചോദ്യം ചോദിച്ചവര്‍ക്കെല്ലാം ഉത്തരമായിരുന്നു ഇവിടെക്കണ്ടത്.

കൊയ്ത്തും മെതിയും ഈ നാലുസെന്റ് കണ്ടത്തില്‍ ബഹു ജോറായിരുന്നു. ഐശ്വര്യക്കാഴ്ചകള്‍ കാണാന്‍ ആളുകളെത്തി. കൊയ്ത്തുപാട്ടിന്റെ ഈണം മുഴക്കി പാലത്തിയും ശാന്തയുമെത്തി. ക്യാമറയില്‍ പകര്‍ത്താന്‍ 'റാന്തല്‍ വെളിച്ചം' ചാനലുകാരുമെത്തി. പ്രദേശത്തെ കലാകാരന്‍മാരുടെ സമൂഹ മാധ്യമ ചാനലാണ് റാന്തല്‍ വെളിച്ചം.

എടവണ്ണ പോളിടെക്നിക് കോളേജ് അധ്യാപകന്‍ സി.ടി. നിഫാദ്, കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കമ്പളവന്‍ ഷാജഹാന്‍ കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്. കൂടുതല്‍ സ്ഥലം ലഭിച്ചാല്‍ കൃഷി വ്യാപിക്കാനാണ് മജീദിന് മോഹം.

Content Highlights: Paddy cultivation