
മാവേലിക്കര സബ് ജയിൽ വളപ്പിലെ പച്ചക്കറിത്തോട്ടത്തിൽ സൂപ്രണ്ട് പി.അനിൽകുമാർ
അഞ്ചുമാസം മുന്‍പ് മാവേലിക്കര സബ് ജയിലില്‍ സൂപ്രണ്ടായി ചുമതലയേറ്റ പി.അനില്‍കുമാറിന്റെ ആശയമായിരുന്നു ജയില്‍വളപ്പില്‍ വെറുതെകിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കുകയെന്നത്. സഹജീവനക്കാരും തടവുപുള്ളികളും പിന്തുണ അറിയിച്ചതോടെ കൃഷിയിടത്തിലേക്കിറങ്ങിയ സൂപ്രണ്ടിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ജയിലില്‍ ആവശ്യമായതിന്റെ 40 ശതമാനം പച്ചക്കറിയും ഇപ്പോള്‍ ഇവിടെത്തന്നെ കൃഷിചെയ്യുന്നു. ഇതിനുപുറമെ പ്രദേശവാസികള്‍ക്ക് പച്ചക്കറി വിപണനം ചെയ്ത് അതിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നുമുണ്ട്. മാവേലിക്കര ജയില്‍വളപ്പില്‍ കാടുകയറിക്കിടന്ന 50 സെന്റ് സ്ഥലമാണ് ഇന്ന് കൃഷിയിടമായി മാറിയിരിക്കുന്നത്.
ഇവിടെ വിവിധയിനം പച്ചക്കറികള്‍ ജൈവകൃഷിയിലൂടെ വളരുന്നു. സര്‍ക്കാരിന്റെ തരിശുനിലം കൃഷി ഭൂമിയാക്കാനുള്ള പദ്ധതിയുടെ ചുവടുപിടിച്ചാണ് ജയില്‍ വളപ്പ് കൃഷിഭൂമിയായി മാറ്റിയത്. മാവേലിക്കര നഗരസഭയുടെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ജൈവകര്‍ഷകനായ അജയകുമാര്‍ പുല്ലാട് എന്നിവരില്‍നിന്ന് ലഭിക്കുന്ന വളമാണ് ജൈവകൃഷിക്ക് സഹായകരമാകുന്നത്.
വെണ്ട, പടവലം, ചീര, പാവല്‍, പയര്‍, വഴുതന, തക്കാളി, പച്ചമുളക്, കാന്താരി, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, കാപ്സിക്കം, വെള്ളരി, കുക്കുംബര്‍, മത്തന്‍ എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നു. ഇതോടൊപ്പം ആരംഭിച്ച കരനെല്‍ക്കൃഷിയും വിളവെടുപ്പിന് പാകമായി വരുന്നു.
ജയിലിലെ അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ പിന്തുണയും സഹകരണവും കൃഷിക്കുണ്ട്. മാവേലിക്കര നഗരസഭ ചെയര്‍പേഴ്സണ്‍ ലീലാഅഭിലാഷ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ സി.ആര്.രശ്മി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി.അനിതകുമാരി, കൃഷി ഓഫീസര്‍ എം.എന്‍.പ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇന്ദുലേഖ എന്നിവരാണ് കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.
Content Highlights: Organic Vegetable Farming In Jail Compound
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..