വയനാട്: സ്‌കൂള്‍ തോട്ടത്തില്‍ ജീവനോദ്യാനമൊരുക്കുന്ന തിരക്കിലാണ് ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെ ഒരേക്കര്‍ സ്ഥലത്ത് ജീവനോദ്യാനമൊരുക്കുന്നത്. ഭക്ഷ്യ ജനിതക വൈവിധ്യത്തോട്ടമാണ് ജീവനോദ്യാനം.

ഭക്ഷ്യവിളകളുടെ വൈവിധ്യവും അതിലൂടെ ലഭിക്കുന്ന പോഷകഗുണങ്ങളും വിശദീകരിക്കുന്ന തരത്തിലാണ് ഈ ഉദ്യാനം ഒരുക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നാടന്‍ വിഭവങ്ങളിലൂടെ പോഷകസമൃദ്ധമാക്കാനും വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് കെ.പി. സാബു, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ടി. അശോകന്‍, അരുണ്‍ കുമാര്‍, പി.ടി.എ. പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു