കൊച്ചി: പിടികൊടുക്കാതെ ഉള്ളിവില ഉയരങ്ങളിലേക്ക്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക് ചൊവ്വാഴ്ച കൊച്ചിയില്‍ 160 രൂപ വരെയെത്തി. ഉള്ളിവില നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ പകരക്കാരനായി വിപണിയില്‍ ഉള്‍ട്ടി എത്തിയിട്ടുണ്ട്.

കാഴ്ചയില്‍ ചെറിയുള്ളിക്ക് സമാനമെങ്കിലും സവാള ഇനത്തില്‍ പെട്ടതാണ് ഉള്‍ട്ടി. ഒറ്റ നോട്ടത്തില്‍ ഉള്ളിയെന്നേ പറയൂ. കിലോയ്ക്ക് 50 രൂപ വരെയാണ് വില. ഗുണത്തിലും രുചിയിലും സവാളയോടാണ് സാമ്യം.

ചിറ്റുള്ളി, മൈസൂര്‍ ഉള്ളി, സാമ്പാര്‍ ഉള്ളി, ചിറ്റ് ബെല്ലാരി എന്നിങ്ങനെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ആന്ധ്ര, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി കൊണ്ടുവരുന്നത്.

സവാളയ്ക്ക് നിലവില്‍ 50 രൂപയാണ് വില. മഴ കാരണം കുറച്ചു മാസങ്ങളായി ഉള്ളിക്കൃഷിയില്‍ വന്‍ ഇടിവുണ്ടായതാണ് വില കുതിച്ചുയരാന്‍ കാരണം. ഈ അവസരത്തിലാണ് ഉള്‍ട്ടി വിപണി കീഴടക്കിയത്.

ആവശ്യക്കാര്‍ ഏറിയതിനാല്‍ കിലോയ്ക്ക് 20 രൂപ ഉണ്ടായിരുന്നിടത്തു നിന്ന് ഉള്‍ട്ടിയുടെ വില 50 രൂപയിലേക്ക് ഉയര്‍ന്നു. സാധാരണഗതിയില്‍ ഉള്‍ട്ടിക്ക് അധികം ആവശ്യക്കാരുണ്ടാകാറില്ലെന്നും ഇപ്പോള്‍ ചെറിയുള്ളിക്ക് വില കൂടിയപ്പോഴാണ് ആളുകള്‍ കൂടിയതെന്നും കച്ചവടക്കാര്‍ പറഞ്ഞു. 

Content Highlights: Savala, Onion Price Hike, Agriculture News