മൂന്നാര്‍, വട്ടവടയിലെ സവാളക്കൃഷി വിളവെടുപ്പിന് പാകമായി. കൃഷി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നടത്തിയ സവാളക്കൃഷിയാണ് ഇത്. വെള്ളിയാഴ്ച വട്ടവടയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ സവാള വിളവെടുപ്പ് നടത്തും.

വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്ത് മൂന്ന് ഏക്കര്‍ സ്ഥലത്താണ് കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആലുവാ കേന്ദ്രീകരിച്ചുള്ള ഭൂമിത്ര കര്‍ഷക സമിതിയംഗങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ സവാളക്കൃഷി ആരംഭിച്ചത്. കഴിഞ്ഞ ജൂലായ് 17-നാണ് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിത്തുകള്‍ പാകിയത്.

മഹാരാഷ്ട്രയിലെ പുണെയില്‍ നിന്നെത്തിച്ച പഞ്ചഗംഗ, പ്രേമ 178 എന്നീ ഇനം വിത്തുകളാണ് കൃഷി ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ തൈകള്‍ പറിച്ച് നട്ടു. വട്ടവടയിലെ ചൂട് ക്രമീകരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മഴമറയിലാണ് തൈകള്‍ നട്ട് പരിപാലിച്ചത്.

പുണെ കൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. ദത്തേന്ദ്ര, ജില്ലാ അഗ്രികള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഗീത, വട്ടവട കൃഷി ഓഫീസര്‍ ബീന, എന്നിവരുടെ മേല്‍നോട്ടത്തിലാണ് സവാളക്കൃഷി നടത്തിയത്. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ ( 7000 അടി) സവാളക്കൃഷി ചെയ്തതും വട്ടവടയിലാണ്.

ഏക്കറില്‍നിന്നും 8 മുതല്‍ 10 ടണ്‍ വരെ വിളവു ലഭിക്കുമെന്നാണ് പ്രതീക്ഷ. മഹാരാഷ്ട്രയില്‍ 16 മുതല്‍ 20 ടണ്‍ വരെയാണ് ഒരേക്കറില്‍നിന്നു വിളവ് ലഭിക്കുന്നത്. വട്ടവട മേഖലയിലെ ഗ്രാന്റീസ് തോട്ടങ്ങള്‍ വെട്ടിമാറ്റിയശേഷം സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ വ്യാപകമായി മേഖലയില്‍ സവാളക്കൃഷി ചെയ്യാന്‍ കഴിയുമെന്ന് ഭുമിത്ര കര്‍ഷക സമിതി സെക്രട്ടറി കമാല്‍ നിസാം പറഞ്ഞു.

Content Highlights: Onion cultivation is getting ready for harvest at  Munnar