പ്രതീകാത്മക ചിത്രം : മാതൃഭൂമി
ചെറുവത്തൂര്‍: കൃഷിയിടത്തിലെ രോഗലക്ഷണം ചിത്രമെടുത്ത് വാട്സാപ്പ് ചെയ്താല്‍ പ്രതിവിധി. അല്ലാതെ കര്‍ഷകര്‍ക്കരികിലെത്താന്‍ കൃഷി ഓഫീസറില്ല. കഴിഞ്ഞദിവസം കൃഷിയിടത്തിലെ രോഗവിവരം കൃഷി ഓഫീസറെ വിളിച്ചറിയിച്ചപ്പോള്‍ കിട്ടിയ മറുപടിയാണിത്. ജില്ലയിലെ 41 കൃഷിഭവനുകളില്‍ ഒന്‍പതിടത്തും കസേര ഒഴിവാണ്. ഇതില്‍ നീണ്ട അവധിയിലും പ്രസവാവധിയിലും ഒഴിഞ്ഞുകിടക്കുന്ന കസേരകളുണ്ട്.
പിലിക്കോട് കൃഷിഭവനില്‍ നാലുമാസമായി കൃഷിഓഫീസറുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. പടന്ന കൃഷി ഓഫീസര്‍ക്കാണ് ചുമതല. ആഴ്ചയില്‍ രണ്ടുദിവസമാണ് ഇവിടെ സേവനം. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പദ്ധതികളുമായി ബന്ധപ്പെട്ട യോഗം തുടങ്ങിയ പരിപാടികളാണെങ്കില്‍ ഈ ദിവസങ്ങളിലും ആവശ്യക്കാര്‍ തിരിച്ചുപോകണം.
തരംമാറ്റല്‍, പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍, കൃഷിയിടങ്ങളിലുണ്ടാകുന്ന രോഗബാധയ്ക്ക് പ്രതിവിധി തുടങ്ങി ഒട്ടേറേ ആവശ്യങ്ങളുമായി സാധാരണക്കാരായ കര്‍ഷകര്‍ നിത്യവും കയറിയിറങ്ങുന്ന കൃഷിഭവനിലാണ് മാസങ്ങളായി കസേര ഒഴിഞ്ഞുകിടക്കുന്നത്. ഒക്ടോബറില്‍ സംസ്ഥാനത്തിന്റെ തെക്കേയറ്റത്തുനിന്ന് പിലിക്കോട്ടെത്തിയ ഓഫീസര്‍ നീണ്ട അവധിയെടുത്താണ് തിരിച്ച് വണ്ടികയറിയത്. 90 ദിവസം തികയുന്നതിന് മുന്‍പ് വീണ്ടുമെത്തി അവധി പുതുക്കി നാട്ടിലേക്ക് വിട്ടു.
സ്ഥിരം ഓഫീസര്‍മാര്‍ വേണം
രണ്ടുദിവസത്തെ ചുമതലക്കാര്‍ പോരാ, സ്ഥിരമായി കൃഷി ഓഫീസറെ നിയമിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജില്ലയില്‍ നീലേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകളില്‍ ഒരോ കൃഷി ഭവനുകളിലും കാസര്‍കോട്, മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളിലെ രണ്ട് വീതം കൃഷി ഭവനുകളിലും കൃഷി ഓഫീസര്‍മാര്‍ ഇല്ലതായിട്ട് മാസങ്ങളായി.
ഇവിടെയെല്ലാം മറ്റു കൃഷി ഓഫീസര്‍മാര്‍ക്കാണ് ചുമതല. നിലവിലുള്ള കൃഷി ഓഫീസര്‍മാരില്‍ മൂന്നുപേരുടെ നീണ്ട അവധിക്കുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മേശപ്പുറത്തുണ്ട്.
ഇതര ജില്ലകളില്‍നിന്ന് നിയമനം ലഭിക്കുന്നവര്‍ തിരിച്ച് നാട്ടിലേക്കുള്ള അപേക്ഷയുമായിട്ടാണ് എത്തുന്നത്. ജില്ലയില്‍ നിയമനം നേടുന്നവര്‍ നിശ്ചിതവര്‍ഷം നിര്‍ബന്ധമായും ജോലിയെടുക്കണമെന്ന നിബന്ധന കൊണ്ടുവന്നാല്‍ മാത്രമെ ഇതിന് പരിഹാരമാകൂവെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി.എസ്. സിന്ധുകുമാരി പറഞ്ഞു.
Content Highlights: officers in kasargode agricultural offices not available for months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..