ചെറുവത്തൂര്‍: തീരദേശ നെല്‍ക്കൃഷിക്ക് ഉതകുന്ന പുതിയ നെല്ലിനം പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ തയ്യാറാവുന്നു. ലവണത്തെ അതിജീവിക്കാന്‍ കഴിയുന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണിത്. ഉപ്പ് കയറാത്ത സ്ഥലത്തും കൃഷിയിറക്കാവുന്ന ഇനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയ നെല്ലിന്റെയും ഓര്‍ക്കൈമയുടെയും സങ്കരമാണ് ജെ.ഒ. 583.

പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങുന്ന ആറാമത്തെ ഇനമാണ് ജെ.ഒ. 583. ഏഴോം ഒന്ന്, ഏഴോം രണ്ട്, ഏഴോം മൂന്ന്, ഏഴോം നാല്, ജൈവ എന്നിവ കാര്‍ഷിക മേഖലയ്ക്ക് സംഭാവന ചെയ്ത ഡോ. ടി.വനജയുടെ 18 വര്‍ഷത്തെ പരീക്ഷണ നിരീക്ഷണ ഫലമാണ് ഈ നെല്ലിനം. കഴിഞ്ഞദിവസം പിലിക്കോട് കേന്ദ്രത്തില്‍ നടന്ന ഉത്തരമേഖലാ ശില്പശാലയില്‍ ഇത് അംഗീകാരത്തിന് സമര്‍പ്പിച്ചു.

27 പ്രദേശങ്ങളില്‍ കൃഷിയിറക്കി നിലവിലുള്ള ഇനങ്ങളുമായി താരതമ്യപഠനം നടത്തി മികച്ചതെന്ന് കണ്ടെത്തിയശേഷമാണ് മേഖലാ ശില്പശാലയില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ദേശീയതലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 17 പാഠശേഖരങ്ങളിലും ജെ.ഒ.583 കൃഷിയിറക്കി. പ്രാദേശിക നെല്ലിനങ്ങളെക്കാള്‍ മികച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. സര്‍വകലാശാലാതല കമ്മിറ്റിയുടെയും സംസ്ഥാന റിലീസ് കമ്മിറ്റിയുടെയും അംഗീകാരം ലഭിച്ചശേഷം വിത്ത് കര്‍ഷകരുടെ കൈകളിലെത്തും.