പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഒരുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും വളര്‍ന്നിരുന്ന റാഗിയും (കൂവരക്) തിനയും മണിച്ചോളവുമെല്ലാം മടങ്ങിവരുന്നു. കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി ചെറുധാന്യക്കൃഷി പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് പരിപാടി.
അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി 2023 ആചരിക്കുന്നതിനു മുന്നോടിയായാണ് വലിയ പദ്ധതികള്‍ വരുന്നത്. വരക്, പനിവരക്, ചാമ, കുതിരവാലി, ബജ്‌റ എന്നിവയെല്ലാം കേരളത്തില്‍ കൃഷി ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ കൃഷിവിജ്ഞാനകേന്ദ്രങ്ങളില്‍ ചെറുധാന്യ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള വിവിധയിനം ചെറുധാന്യങ്ങള്‍ വളര്‍ത്തി പരിപാലിക്കും.
ഇതുവഴി കര്‍ഷകരെ ചെറുധാന്യക്കൃഷിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ചെറുധാന്യങ്ങള്‍ പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍ എന്നിവയുടെ കലവറയാണ്.
ഭക്ഷ്യസുരക്ഷയും ആരോഗ്യഭക്ഷണവും ഉറപ്പാക്കുന്നതിന് ചെറുധാന്യങ്ങള്‍ വേണമെന്ന നിലപാടിലാണ് കേന്ദ്ര കാര്‍ഷികഗവേഷണ കൗണ്‍സില്‍. ചെറുധാന്യപ്പൊടികള്‍ ഹെല്‍ത്ത് മിക്‌സ് ആയി പ്രചാരം നേടിയിട്ടുള്ളതിനാല്‍ കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗവുമാകും. വെള്ളവും വളവും പരിചരണവും തീരെക്കുറച്ചു മതി എന്നതും ആകര്‍ഷണമാണ്. ഇതില്‍ പല വിളകളും വരള്‍ച്ചയെ അതിജീവിക്കുകയും ചെയ്യും.
കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കര്‍ഷകദിനമായ ബുധനാഴ്ച ചെറുധാന്യ പാര്‍ക്ക് തുറക്കും. കേരള, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലകള്‍, കാര്‍ഷിക കോളേജുകള്‍, രാജ്യത്തെമ്പാടുമുള്ള ഗവേഷണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ചെറുധാന്യങ്ങളുടെ വിത്ത് ശേഖരിച്ചത്.
അടുത്തഘട്ടത്തില്‍ തരിശുഭൂമിയില്‍ ചെറുധാന്യക്കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കും. സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് വിപുലമായ പരിപാടികള്‍ക്കാണ് ആലോചന.
Content Highlights: New Knowledge Management Centers to promote small grain farming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..