കൊച്ചി: ഇന്ത്യയില്‍ നിന്ന് രണ്ടിനം പുതിയ ചെറുതേനീച്ചകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതില്‍ ഒന്ന് കേരളത്തില്‍ നിന്നാണ്. മറ്റൊന്ന് മഹാരാഷ്ട്രയില്‍ നിന്ന്.

ബെംഗളൂരു കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ. ശശിധര്‍ വിരക്മത്, മൂലമറ്റം സെയ്ന്റ് ജോസഫ്‌സ് കോളേജിലെ സുവോളജി അധ്യാപകനായിരുന്ന ഡോ. കെ. സാജന്‍ ജോസ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ 'ദ ബയോ സ്‌കാനി'ലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'ട്രൈഗോണ ഇറിഡിപെനിസ്' എന്ന ഒരൊറ്റയിനം ചെറുതേനീച്ച മാത്രമേ കേരളത്തില്‍ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഇനം, 'ലിസോ ട്രൈഗോണ' ജനുസ്സില്‍ പെടുന്നതാണ്. 'ലിസോ ട്രൈഗോണ ചന്ദ്രൈ' എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വെട്ടുകല്ലുമടകളാണ് ഇവയുടെ ആവാസ സ്ഥലം. രൂപത്തിലും ജനിതക ഘടനയിലും ഇവ ട്രൈഗോണ ഇറിഡിപെനിസില്‍ നിന്നു വ്യത്യസ്തമാണ്.

ഇവയുടെ തേന്‍കുടങ്ങള്‍ക്കു വെള്ള നിറമായതിനാല്‍ 'വെണ്‍ചെറുതേനീച്ച'കള്‍ എന്ന് ഇവയെ വിളിക്കാമെന്നു പഠനത്തിനു നേതൃത്വം നല്‍കിയ മൂവാറ്റുപുഴ നിര്‍മല കോളേജ് സുവോളജി വിഭാഗം മുന്‍ മേധാവി ഡോ. ഷാജു തോമസ് പറഞ്ഞു.

ലിസോ ട്രൈഗോണ രേവണൈ' എന്നാണ് മഹാരാഷ്ട്രയില്‍ നിന്നു കണ്ടെത്തിയതിനു നല്കിയ പേര്.