കശുവണ്ടി കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഒരു സന്തോഷവാര്‍ത്ത. 83 എണ്ണം കൊണ്ട് ഒരു കിലോയാകുന്ന സങ്കരയിനം ജംബോ കശുവണ്ടിത്തൈ വിപണിയിലേക്ക്. സാധാരണ കശുവണ്ടി 160 എണ്ണമാണ് ഒരു കിലോയ്ക്ക് വേണ്ടിവരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന് (ഐ.സി.എ.ആര്‍.) കീഴില്‍ കര്‍ണാടകയിലെ പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഗവേഷണ ഡയറക്ടറേറ്റില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ജെ. ദിനകര അഡിഗയുടെ നേതൃത്വത്തിലാണ് പുതിയ ഇനം വികസിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ മനുഷ്യാധ്വാനം കൊണ്ട് മികച്ച ഉത്പന്നം വിപണിയില്‍ എത്തിച്ച് നല്ല വില നേടാന്‍ കശുവണ്ടിപ്പരിപ്പുണ്ടാക്കി വില്‍ക്കുന്നവര്‍ക്കും കഴിയും. കശുവണ്ടിയുടെ വലുപ്പക്കൂടുതല്‍ കര്‍ഷകര്‍ക്ക് പത്തു ശതമാനം വരെ അധിക വില ലഭ്യമാക്കും. ഓരോ ടണ്ണിലും ജംബോ കര്‍ഷകന് 26,000 രൂപ അധിക വരുമാനം ഉണ്ടാക്കിക്കൊടുക്കാനാകുമെന്ന് ദിനകര അഡിഗ പറയുന്നു.

20വര്‍ഷം മുന്‍പ് തുടങ്ങിയ ഗവേഷണം

1999-2000 വര്‍ഷത്തിലാണ് പുത്തൂരില്‍ ഇത്തരമൊരു കശുവണ്ടിയിനം വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയത്. നേത്രാവതിപ്പുഴയോരത്തെ ഗവേഷണ കേന്ദ്രമായതിനാല്‍ നേത്രാ ജംബോ-1 (എച്ച്-126) എന്നാണ് പുതിയ സങ്കരയിനത്തിന് പേര് . എന്‍.ആര്‍.സി.സി. സെലക്ഷന്‍ രണ്ടിന്റെ പെണ്‍പൂവും ബേഡാസി ഇനത്തിന്റെ ആണ്‍ പൂവും കൃത്രിമ രീതിയിലൂടെ പരാഗണം നടത്തിയാണ് പുതിയ ഇനം വികസിപ്പിച്ചെടുത്തത്.

Content Highlights: New cashew variety ‘Nethra Jumbo-1’ released at DCR in Puttur