വര: വിജേഷ് വിശ്വം
പാലക്കാട്: വെള്ളംതേടി ജലസേചന ഓഫീസിൽ... കർഷകത്തൊഴിലാളികൾക്കായി കരാറുകാർക്ക് പിന്നാലെ... വിത്തുംവളവുംതേടി വളംഡിപ്പോകളിൽ... രജിസ്ട്രേഷനും ആനുകൂല്യത്തിനുമായി വില്ലേജോഫീസിലും അക്ഷയസെന്റുകളിലും... ഇതൊരു ശരാശരി കർഷകന് ഓരോസീസണിലും കൃഷിയിറക്കാൻമാത്രമുള്ള പരക്കംപാച്ചിലിന്റെ വഴികളാണ്.
കൃഷി പാകമായാലോ കയറ്റിറക്ക് തൊഴിലാളിമുതൽ സപ്ലൈക്കോ അധികൃതർ വരെയുള്ളവരുടെ കനിവിനും കാക്കണം... ഇതിന് പരിഹാരമായി വ്യവസായ സംരംഭങ്ങൾക്കായും അസംഘടിത തൊഴിൽമേഖലയ്ക്കായും നടപ്പാക്കിയപോലെ കാർഷിക മേഖലയിലും ഏകജാലകസംവിധാനം ഒരുക്കണമെന്ന് കർഷകർ. കൃഷിക്കാർക്ക് സഹായത്തിനായി ഓടിയെത്താൻ കഴിയുന്ന കൃഷി ഓഫിസ് കേന്ദ്രീകരിച്ചുള്ള ഏകജാലക സംവിധാനംവഴി നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി എളുപ്പം ആനുകൂല്യം കർഷകരിലേക്കെത്താനുള്ള വഴിതുറക്കും.
ആനുകൂല്യത്തിനായി കർഷകർ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. പാടശേഖരസമിതികളിലും സഹായസംഘങ്ങളിലും അംഗമായ കർഷകർ കൃഷിഭവനിൽ രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ഇവർക്ക് രജിസ്ട്രേഷൻ നമ്പറുമുണ്ട്. എന്നാൽ, സബ്സിഡികൾ, കാർഷികാനുകൂല്യങ്ങൾ, യന്ത്രോപകരണവിതരണം, സാങ്കേതികവിദ്യ കൈമാറൽ, ഉത്പന്ന വിളവെടുപ്പ്, വിപണി കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്ന സംവിധാനമില്ലെന്ന് കർഷകർ പറയുന്നു. ഇത് നടപ്പായാൽ കൃഷിഭവനുകളിൽ നിലവിലുള്ള ജോലിഭാരം പകുതിയിലധികമായി കുറയും. സർക്കാർതലത്തിൽ പ്രത്യേക ഏജൻസിയെ ഇതിനായി നിയോഗിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
എത്ര ഓഫീസുകൾ... രേഖകൾ
വിള ഇൻഷുറൻസ്, ഉത്പാദന ബോണസ്, പ്രളയ നഷ്ടപരിഹാരം, ജലസേചന സൗകര്യം, സബ്സിഡി നിരക്കിൽ യന്ത്രോപകരണങ്ങൾ, വൈദ്യുതി സൗജന്യം, വിത്ത്-വളം സബ്സിഡി, രോഗപ്രതിരോധ മരുന്നുകൾ, സംഭരണ രജിസ്ട്രേഷൻ തുടങ്ങി വിവിധ ആനുകുല്യങ്ങൾക്കായാണ് കർഷകർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നത്. വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ജലസേചനവകുപ്പ് ഓഫീസ്, ഗ്രാമപ്പഞ്ചായത്തോഫീസ് എന്നിവ മുതൽ വൈദ്യുതി ഓഫീസ് വരെ കയറിയിറങ്ങിയാലും സമയത്ത് ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ഥിതിയുണ്ട്. കൈവശാവകാശ സർട്ടിഫിക്കറ്റ്, വെള്ളക്കരം രസീത്, നികുതിരസീത് തുടങ്ങിയ രേഖകളുമായി അക്ഷയ സെന്ററുകളും വിവിധ സർക്കാർ ഓഫീസുകളും കയറിയിറങ്ങിയിട്ടും കാര്യം നടക്കാത്തവരും ഏറെയാണ്.
ക്ഷീരകർഷകർഷകർ, മത്സ്യ കർഷകർ, മറ്റ് അനുബന്ധ വൈദ്യുതി, ജലസേചനം, വില്ലേജ് ഓഫീസ്, മൃഗസംരക്ഷണ ഓഫീസ്, ഫിഷറീസ്, മലിനീകരണനിയന്ത്രണ ഓഫീസ് തുടങ്ങിയവ കയറിയിറങ്ങേണ്ട സ്ഥിതിയുമുണ്ട്. ഇത് ഒഴിവാക്കാൻ ഏകജാലക സംവിധാനം അനിവാര്യമാവുകയാണ്. സർട്ടിഫിക്കറ്റ്രാജ് അവസാനിപ്പിക്കാൻ ഭരണപരിഷ്കാരവകുപ്പുതന്നെ ശുപാർശചെയ്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കർഷകർ പറയുന്നു. കേന്ദ്രസർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും ഫണ്ടുകളാണ് കാർഷികമേഖലയിൽ വിനിയോഗിച്ചുവരുന്നത്. ഇവയുടെ ഏകോപനമാണ് നടപ്പാക്കേണ്ടത്.
ചോർച്ചയ്ക്ക് കണക്കില്ല
കൃഷിവകുപ്പും വിവിധ ഏജൻസികളുംവഴി വിതരണംചെയ്യുന്ന ചെറു കാർഷികോപകരണങ്ങൾ, പമ്പുസെറ്റുകൾ, വിത്തുകൾ തുടങ്ങിയവ യഥാർഥ കർഷകരിലേക്ക് എത്രത്തോളം എത്തുന്നുണ്ടെന്നതിന് വ്യക്തമായ കണക്കുകൾ ഭുരിഭാഗം പാടശേഖര സമിതികളിലോ കൃഷി ഓഫീസുകളിലോ ലഭ്യമല്ലെന്ന് കർഷകർ പറയുന്നു. കാലംതെറ്റി വിതരണംചെയ്യുന്ന ആനുകൂല്യങ്ങൾ ആർക്കും ഉപകാരപ്പെടാത്ത സ്ഥിതിയിലെത്തുമ്പോൾ രേഖകളിലെത്തുന്നത് മേമ്പൊടിചേർത്ത കണക്കുമാത്രമാണ്.
സമിതികളുടെ സുതാര്യത
ഏകജാലക സംവിധാനംവഴി ആനുകുല്യവിതരണം നടപ്പാക്കുന്നത് പാടശേഖരസമിതികളുടെ സുതാര്യത ഉറപ്പാക്കുമെന്ന് കർഷകർ പറയുന്നു. കൃഷി സമയാധിഷ്ഠിതമായതിനാൽ ഈ സംവിധാനത്തിലുടെ കൃത്യസമയത്ത് കർഷകരിലേക്ക് ആനുകൂല്യങ്ങളെത്തിക്കാനാവും. ഇത് കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്താനും സഹായകരമാവും.
Content highlights: Need single window - Farmers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..