മഴയില്‍ മാമ്പൂക്കള്‍ കരിഞ്ഞതോടെ മുതലമടയിലെ ഇത്തവണത്തെ മാമ്പഴക്കാലത്തിന് മധുരം കുറഞ്ഞു. ഏറെ പ്രതീക്ഷനല്‍കി നവംബറില്‍ത്തന്നെ തുടങ്ങിയതായിരുന്നു മുതലമടയിലെ ഇത്തവണത്തെ മാമ്പഴക്കാലം. നവംബറിലും ഡിസംബറിലും തുടര്‍ച്ചയായി പെയ്ത മഴയില്‍ മാമ്പൂക്കളൊക്കെ നശിച്ചതോടെ മാങ്ങ കര്‍ഷകരും കച്ചവടക്കാരും കഷ്ടത്തിലായി.

വിടര്‍ന്ന മാമ്പൂക്കളില്‍ 24 മണിക്കൂറിലധികം വെള്ളം കെട്ടിനിന്നതും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് പൂക്കള്‍ കരിയുന്നതിന് കാരണമായതെന്ന് കര്‍ഷകനായ സി. സജു പറഞ്ഞു. പൂക്കള്‍ കരിഞ്ഞ മാവുകളില്‍ വീണ്ടും പൂക്കള്‍ വരികയും വീണ്ടും കൊഴിയുകയും ചെയ്യുന്ന പ്രവണ മൂന്നുതവണ ആവര്‍ത്തിച്ചു. ഇപ്പോള്‍ നാലാമതും പൂത്ത മാന്തോപ്പുകള്‍ ഉണ്ട്. രാവിലെമുതല്‍ ഉച്ചവരെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നതിനാല്‍ ഇലപ്പേനുകള്‍ പെരുകി.

മാന്തോപ്പുകളിലെ ഉത്പാദനം 15 ശതമാനമായി കുറഞ്ഞതോടെ കയറ്റുമതിയെ സാരമായി ബാധിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഉത്തരേന്ത്യയിലേക്കും വിദേശത്തേക്കും പ്രതിദിനം 100-150 ടണ്‍ വരെ കയറ്റുമതിനടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5-10 ടണ്‍ കയറ്റുമതിമാത്രമാണ് നടക്കുന്നത്. കയറ്റി അയക്കുന്ന മാങ്ങയ്ക്ക് വില കുറവുമാണ് ഇപ്പോള്‍.

കഴിഞ്ഞസീസണുകളില്‍ കിലോക്ക് 150 രൂപവരെ ലഭിച്ച ബംഗനപ്പള്ളിക്ക് നിലവില്‍ 80-100 രൂപയാണ് വില. ഇപ്പോള്‍ ലഭ്യമാകുന്ന സിന്ദൂരം 80-90, കിളിമൂക്ക് 60-70, മൂവാണ്ടന്‍ 25-35 എന്നിവയ്ക്കും സാധാരണ ഫെബ്രുവരിയില്‍ ലഭിക്കുന്നതിന്റെ മൂന്നില്‍ രണ്ടുവില മാത്രമാണിപ്പോള്‍ കിട്ടുന്നത്. ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അതിശൈത്യമായതിനാല്‍ മാമ്പഴത്തിന് ആവശ്യക്കാര്‍ കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഇപ്പോള്‍ പൂക്കുന്ന തോട്ടങ്ങളില്‍ മാങ്ങ പറിച്ചുതുടങ്ങുമ്പോഴേക്കും സേലം, രത്‌നഗിരി തുടങ്ങിയ ഉത്പാദനകേന്ദ്രങ്ങളില്‍നിന്ന് ഉത്തരേന്ത്യന്‍ വിപണികളിലേക്ക് മാങ്ങയെത്തും. ആവശ്യത്തിലേറെ മാങ്ങ എത്തി വില്‍പ്പനമത്സരം മുറുകുന്നതോടെ മുതലമടമാങ്ങയുടെ വില കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

Content Highlights: Muthalamada farmers’ dreams turn sour