തിരുവനന്തപുരം: മണ്ണിനെ അറിഞ്ഞ് കൃഷിചെയ്യാനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണവകുപ്പ്, വിവരസാങ്കേതികവകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ 'മണ്ണിനെ അറിയാം മൊബൈലിലൂടെ' എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. 

ജിയോസ്പേഷ്യല്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ഈ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തിലാകും ഇപ്പോള്‍ ലഭ്യമാകുക. തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍ പഞ്ചായത്തിലെ മണ്ണ് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒരോയിടത്തേയും മണ്ണിന്റെ ഫലപുഷ്ടി, ചേര്‍ക്കേണ്ട വളങ്ങള്‍, ഏതു വിളകള്‍ക്ക് ഏത് വളം ചേര്‍ക്കണം തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും. മൊബൈല്‍ ഉപയോഗിക്കുന്ന പ്രദേശം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ സ്ഥലം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആപ്പില്‍ നല്‍കേണ്ടതുമില്ല. കൃഷിസ്ഥലം എത്രയുണ്ടെന്നും ഏതുകൃഷിയാണ് ചെയ്യുന്നതെന്നതും മാത്രം ചേര്‍ത്താല്‍ മതിയാകും. 

മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, ബോറോണ്‍ എന്നിവയുടെ വിവരങ്ങള്‍ക്കൊപ്പം തന്നെ മണ്ണിന്റെ പി.എച്ച്. അനുപാതവും ലഭ്യമാക്കും. 23 ഘടകങ്ങള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും നിലവില്‍ 13 ഘടകങ്ങളുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ആപ്ലിക്കേഷനിലുള്ള മറ്റൊരു ലിങ്കിലൂടെ ഒരോപ്രദേശത്തെയും മണ്ണിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ വിളയേതാണെന്നും ഏത് വളമാണ് ചേര്‍ക്കേണ്ടതെന്നും പറഞ്ഞുതരും. ഇതോടെ കൃഷിവിവരങ്ങള്‍ ലഭ്യമാകാന്‍ കര്‍ഷകന്‍ കൃഷിഭവനുകളിലേക്കോ മണ്ണ് പരിശോധനാ ലാബിലേക്കോ ഒന്നും പോകേണ്ടിവരില്ല.

കേരളത്തിലെ എല്ലാ പ്രദേശങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചശേഷം പ്രതികരണങ്ങള്‍ കൂടി മനസ്സിലാക്കി വികസിപ്പിച്ച് എല്ലായിടത്തേക്കുമായി പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് അടുത്ത ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണവകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ പറഞ്ഞു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ആപ്ലിക്കേഷന്‍ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസഹകരണത്തോടെ വിതരണം ചെയ്യുന്ന 'മണ്ണ് ആരോഗ്യ കാര്‍ഡ്' എട്ടുലക്ഷം കര്‍ഷകര്‍ക്ക് വിതരണംചെയ്തു. കുട്ടനാട്ടില്‍ നടത്തിയ ഗവേഷണത്തില്‍ കാര്‍ഡ് അടിസ്ഥാനമാക്കി വളവും മറ്റും പ്രയോഗിച്ചതിനാല്‍ 10 ശതമാനം വിളവ് കൂടുതല്‍ കിട്ടിയെന്നും 40 ശതമാനം ചെലവ് കുറയ്ക്കാനായെന്നും കണ്ടെത്തിയിട്ടുണ്ട്. കൃഷിക്കാരുടെ മൊത്തം വരുമാനത്തിലും വര്‍ധനയുണ്ടായി. മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതോടെ ഇത് വീണ്ടും വര്‍ധിപ്പിക്കാനാവുമെന്ന് ജസ്റ്റിന്‍ മോഹന്‍ പറഞ്ഞു. 

ചൊവ്വാഴ്ച നടക്കുന്ന ലോക മണ്ണ് ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. അതുകഴിഞ്ഞാല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.