മിത്രകീടങ്ങൾ അടങ്ങിയ 'കഡാവറുകൾ' ബക്കളം വയലിൽ പരീക്ഷിക്കുന്നു | ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: വാഴകളുടെയും ഏലത്തിന്റെയും വേരുകളെ നശിപ്പിക്കുന്ന കീടങ്ങളെ ജൈവരീതിയില്‍ നശിപ്പിക്കുന്നതിന് വികസിപ്പിച്ച 'മിത്ര നിമാവിരകള്‍' പച്ചക്കറികളെ സംരക്ഷിക്കാനും ഫലപ്രദമെന്ന് കണ്ടെത്തി. വെള്ളരി ഇനത്തില്‍പ്പെട്ട കൃഷികളെ വേരോടെ നശിപ്പിക്കുന്ന 'മത്തന്‍വണ്ടു'കളെ ഇവ ചുരുങ്ങിയ സമയംകൊണ്ട് കൊന്നൊടുക്കും.
പരീക്ഷണങ്ങള്‍ വിജയിച്ചതോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലൂടെ ഇവയെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തുതുടങ്ങി. ജില്ലയിലെ പ്രധാന വേനല്‍ക്കാല പച്ചക്കറി ഉത്പാദനകേന്ദ്രമായ മുയ്യം, ബക്കളം വയലുകളിലാണ് പരീക്ഷണം നടത്തിയത്. തൃശ്ശൂര്‍ കണ്ണാറയിലെ വാഴ ഗവേഷണകേന്ദ്രത്തിലും കാസര്‍കോട് പടന്നക്കാട്ടെ തോട്ടവിള ഗവേഷണകേന്ദ്രത്തിലുമാണ് സൂക്ഷ്മജീവികളായ മിത്ര നിമാവിരകളെ ഉത്പാദിപ്പിക്കുന്നത്.
പ്രത്യേകമായി വളര്‍ത്തിയെടുക്കുന്ന മെഴുക് പുഴുവിന്റെ ശരീരത്തില്‍ ഈ സൂക്ഷ്മജീവികളെ വിടുന്നു. മിത്രനിമാവിരകള്‍ പുഴുവിനെ കൊന്ന് അതിനുള്ളില്‍ പെരുകും. ഈ പുഴുവിന്റെ ജഡം (കഡാവര്‍) വെള്ളരിത്തടത്തില്‍ ഇട്ടാല്‍ അവിടെ വിരകള്‍വളരുകയും മത്തന്‍വണ്ടുകളെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യും. ഒരു കഡാവറില്‍ ഒന്നരലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ മിത്ര നിമാവിരകള്‍ ഉണ്ടാകും.
സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ കഡാവറുകള്‍ പത്ത് ദിവസത്തോളം സൂക്ഷിക്കാം. ലായിനി മൂന്ന് മാസവും. ലായിനി നിര്‍മിക്കുന്നത് കുറേക്കൂടി നീണ്ട പ്രക്രിയയാണ്. രണ്ടോ മൂന്നോ ദിവസം കൊണ്ട് നശിപ്പിക്കാന്‍ സാധിച്ചു. കഡാവറുകള്‍ ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ട് മത്തന്‍വണ്ടുകളെ നശിപ്പിക്കാന്‍ സാധിച്ചെന്ന് ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം അസി. പ്രൊഫസര്‍ ഡോ. മഞ്ജു പറഞ്ഞു.
ഒരു കഡാവറിന് 1.70 രൂപയാണ് വില. ഒരുതടത്തില്‍ രണ്ടുമുതല്‍ നാലെണ്ണം വരെ വേണം. വാഴകളുടെയും ഏലത്തിന്റെയും വേരുകള്‍ നശിപ്പിക്കുന്ന കീടങ്ങളെ നേരിടാന്‍ 2017-ലാണ് ഈ രീതി വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പടന്നക്കാട് തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ഡോ. ഗവാസ് രാജേഷ് പറഞ്ഞു. മറ്റു രാസ കീടനാശിനികളെ അപേക്ഷിച്ച് ചെലവ് അല്‍പ്പം കൂടുമെങ്കിലും ഈ ജൈവരീതി ഏറെ ഫലപ്രദമാണ്.
Content Highlights: mitra nima worms developed for pesticidal usage in vegetables
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..