കര്‍ഷകര്‍ക്ക് ഉയര്‍ന്നവില നല്‍കി കാപ്പി, പ്രതീക്ഷയ്‌ക്കൊത്ത് ചേനയും ഇഞ്ചിയും; പിന്നിലായത് കുരുമുളക്


2 min read
Read later
Print
Share

ഫോട്ടോ: മാതൃഭൂമി

മീനങ്ങാടി: വിളവെടുപ്പ് സീസണ്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ പ്രധാനപ്പെട്ട ഉത്പന്നങ്ങളില്‍ മിക്കതിനും പ്രതീക്ഷകള്‍ക്കൊത്ത് വില ഉയര്‍ന്നു. കാപ്പിവിലയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ വര്‍ധന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. ഇഞ്ചി, ചേന, കളിയടയ്ക്ക വിലകളും ഭേദപ്പെട്ടനിലയിലാണ്. എന്നാല്‍, വില ഉയരുമെന്ന് കര്‍ഷകര്‍ ഉറച്ചുവിശ്വസിച്ചിരുന്ന കുരുമുളക്, നേന്ത്രക്കായ, റബ്ബര്‍ വിലകളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.

ഏറെക്കാലത്തെ മാന്ദ്യത്തിനുശേഷം കഴിഞ്ഞവര്‍ഷമാണ് കാപ്പിവിലയില്‍ മോശമല്ലാത്തതരത്തിലുള്ള ഒരു ഉയര്‍ച്ചയുണ്ടായത്. ദീര്‍ഘകാലം ക്വിന്റലിന് 5000-6000 രൂപയുടെ പരിധിയില്‍ ഒതുങ്ങിനിന്നിരുന്ന ഉണ്ടക്കാപ്പിയുടെ നിലവാരം 8000 രൂപയിലേക്കും വൈകാതെ 11,000 രൂപയിലേക്കും ഉയര്‍ന്നു. ബ്രസീലിലെ കൃഷിയിടങ്ങളിലുണ്ടായ മഞ്ഞുവീഴ്ചയാണ് കാരണം. ഒറ്റയടിക്ക് ഇരട്ടിയോളമായി ഉയര്‍ന്ന കാപ്പിവില പിന്നീട് അല്‍പ്പം കുറഞ്ഞ് 10,000 രൂപയില്‍ സ്ഥിരത കൈവരിച്ചശേഷം ഇത്തവണത്തെ വിളവെടുപ്പിന് തൊട്ടുമുന്‍പ് ഡിസംബറോടെ മാത്രമാണ് 9500 രൂപയായി വീണ്ടും കുറഞ്ഞത്. ഉണ്ടക്കാപ്പി 11,500 രൂപയ്ക്കും പരിപ്പ് 20,300 രൂപയ്ക്കുമാണ് കഴിഞ്ഞയാഴ്ച വ്യാപാരമവസാനിച്ചത്.

ഒട്ടുമിക്ക ഉത്പാദകരാജ്യങ്ങളിലും ഇത്തവണ കാപ്പി ഉത്പാദനം ഗണ്യമായി കുറഞ്ഞതായുള്ള വാര്‍ത്തകള്‍ വ്യാപാരകേന്ദ്രങ്ങളിലുണ്ടാക്കിയ അമ്പരപ്പാണ് തിരക്കിട്ട് കാപ്പിവാങ്ങിയതിലൂടെ വിപണിയില്‍ പ്രതിഫലിച്ചത്. പതിവില്‍നിന്ന് വിപരീതമായി ഇത്തവണ ചെറുകിടക്കാരടക്കം നിരവധി കര്‍ഷകര്‍ കാപ്പി വില്‍ക്കാതെ പിടിച്ചുവെച്ചുവെന്നതും ഏറെ ശ്രദ്ധേയമാണ്.

പ്രതീക്ഷനല്‍കി ചേന

ചേനവിലയിലും ഇത്തവണ എടുത്തുപറയത്തക്കവിധമുള്ള ഉയര്‍ച്ചയാണുണ്ടായത്. കഴിഞ്ഞവര്‍ഷം 60 കിലോ ചാക്കിന് 800-900 രൂപവരെ മാത്രം വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2000 രൂപയ്ക്ക് മുകളിലാണ് ചേനവില. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കുറഞ്ഞവില ലഭിച്ചതുമൂലം കര്‍ഷകര്‍ ചേനക്കൃഷിയില്‍നിന്ന് കൂട്ടത്തോടെ പിന്മാറിയത് കടുത്തക്ഷാമത്തിന് കാരണമായിരുന്നു. ഇത്തവണ ഗുണനിലവാരമുള്ള വിത്തുചേനയ്ക്ക് പറയുന്നവിലകൊടുത്ത് വാങ്ങേണ്ട സാഹചര്യവും ഇതുമൂലം ഉണ്ടായിട്ടുണ്ട്.

കളിയടയ്ക്കവിലയും ഇത്തവണ ഭേദപ്പെട്ടനിലയിലാണ്. വിളവെടുപ്പിന് തുടക്കമിട്ട ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ക്വിന്റലിനു 16,500 രൂപവരെ മാത്രമാണ് വില ലഭിച്ചതെങ്കിലും വിളവെടുപ്പായതോടെ 18,000 രൂപയ്ക്ക് മുകളിലേക്ക് വില ഉയര്‍ന്നു. സീസണ്‍ അവസാനഘട്ടത്തിലെത്തിനില്‍ക്കെ വരുംദിവസങ്ങളില്‍ കളിയടയ്ക്കവിലയില്‍ നേരിയതെങ്കിലും ഒരു ഉയര്‍ച്ചയ്ക്കുകൂടി സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 16,000 രൂപവരെ മാത്രമാണ് അടയ്ക്കയ്ക്ക് വില ലഭിച്ചത്. കാലവര്‍ഷത്തിലെ പ്രത്യേകതകള്‍മൂലം ഇത്തവണ വയനാട്ടില്‍ അടയ്ക്ക ഉത്പാദനം നാമമാത്രമാണ്.


ഇഞ്ചിവില ഉയര്‍ന്നു

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇഞ്ചിവിലയിലും മാറ്റങ്ങളുണ്ടായി. കഴിഞ്ഞ സീസണില്‍ ഇതേഘട്ടത്തില്‍ ചാക്കിന് 750 രൂപ മാത്രം വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വയനാട്ടില്‍ 2500 രൂപവരെയും കര്‍ണാടകത്തിലും മറ്റും 3000 രൂപയ്ക്ക് മുകളിലുമാണ് ഇഞ്ചിവില. കടുത്തക്ഷാമം നേരിടാനിടയുള്ള സാഹചര്യത്തില്‍ ഇത്തവണ ഇഞ്ചിവിലയില്‍ ഇനിയും ഉയര്‍ച്ചയ്ക്കുതന്നെയാണ് സാധ്യതകള്‍. വയനാട്ടില്‍ കാര്യമായി കൃഷിയില്ലെങ്കിലും അയല്‍സംസ്ഥാനങ്ങളിലും മറ്റും മലയാളികള്‍ ഈ വര്‍ഷവും കൂടിയ അളവില്‍ ഇഞ്ചി കൃഷിചെയ്തിട്ടുണ്ട്.

കണക്കുതെറ്റിച്ച് കുരുമുളക്

കുരുമുളകിന് കുറച്ചുകൂടി ഭേദപ്പെട്ട വില ലഭിക്കുമെന്ന് കരുതിയ കര്‍ഷകര്‍ക്ക് ഇക്കുറി പിഴച്ചു. കഴിഞ്ഞതവണ ക്വിന്റലിന് 50,000 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 48,000 മാത്രമാണ് ജില്ലയിലെ കുരുമുളക് വില. വിളവെടുപ്പിന്റെ ഭാഗമായി സാധാരണഗതിയില്‍ ഉണ്ടാകാറുള്ള കുറവാണ് ഇപ്പോഴത്തേതെന്ന് കരുതാന്‍ ഉത്പാദനത്തിലെ കണക്കുകള്‍ പര്യാപ്തവുമല്ല. 20 വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ പത്തുശതമാനം മാത്രമാണ് ഇത്തവണ വയനാട്ടിലെ കുരുമുളക് ഉത്പാദനം. കഴിഞ്ഞവര്‍ഷത്തെ മൊത്തം ഉത്പാദനത്തിന്റെ 60-70 ശതമാനം വരെയാണ് ഈ വര്‍ഷം ഉത്പാദിപ്പിക്കപ്പെട്ടത്. കര്‍ഷകര്‍ വര്‍ഷാവര്‍ഷം പുതിയവ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.

നേന്ത്രക്കായക്ക് വിലകുറഞ്ഞു

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍കാലം ഉയര്‍ന്നവില ലഭിച്ച നേന്ത്രക്കായയ്ക് ഇപ്പോള്‍ വിലകുറഞ്ഞു നില്‍ക്കുകയാണ്. ക്വിന്റലിന് 2000-2200 രൂപ വരെയാണ് ഇപ്പോള്‍ കായയുടെ വില. വേനല്‍ ശക്തിപ്രാപിക്കുന്നതോടെ കായയ്ക്ക് ക്ഷാമം അനുഭവപ്പെടുകയും വില ഉയരുകയും ചെയ്യുക പതിവുള്ളതാണെങ്കിലും ഇത്തവണ ഇതുവരെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല. റബ്ബര്‍വിലയും പരിതാപകരമായ അവസ്ഥയിലാണ്. കഴിഞ്ഞ സീസണില്‍ കുറച്ചുകൂടി ഭേദപ്പെട്ട വില ലഭിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ വില രണ്ടുവര്‍ഷം മുന്‍പുണ്ടായിരുന്ന വിലയ്ക്ക് തുല്യമാണ്. വേനല്‍ കടുക്കുന്നതോടെ റബ്ബര്‍വിലയിലും സാധാരണഗതിയില്‍ മാറ്റങ്ങള്‍ വരാറുള്ളതാണ്. ഇത്തവണ അതും ഉണ്ടായില്ല. 13,300 രൂപയാണ് ഒരു ക്വിന്റല്‍ റബ്ബറിന് വയനാട്ടിലെ വില.

Content Highlights: market price increased for cofee ginger and yam while price of pepper and bananas reduced

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented