കത്തുന്ന വേനലില്‍ നന്നായി പൂത്തുനില്‍ക്കുന്ന മാവുകളിലെ മാങ്ങകള്‍ കൊഴിയുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ പലയിടത്തും വൈകിയാണ് മാവുകള്‍ പൂത്തത്. മൂവാണ്ടന്‍ ഇനത്തിലായിരുന്നു ഇത്തവണ കര്‍ഷകരുടെ ഏക പ്രതീക്ഷ. ഇതിനിടയിലാണ് കനത്ത ചൂടിലെ കൊഴിയല്‍ പ്രതിസന്ധിയിലാക്കിയത്.

തുടക്കത്തില്‍ കിലോവിന് 50 രൂപവരെ വില ലഭിച്ചിരുന്നു. നിലവില്‍ പരമാവധി 30 രൂപവരെയാണ് ലഭിക്കുന്നത്. വടക്കാഞ്ചേരി മേഖലയില്‍നിന്നാണ് കൂടുതല്‍ മാങ്ങ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയച്ചിരുന്നത്. ഡല്‍ഹി,അലഹബാദ്,ജയ്പുര്‍,അഹമ്മദാബാദ്,മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വടക്കാഞ്ചേരിയിലെ വിവിധ മാങ്ങ ഷെഡ്ഡുകളില്‍നിന്നായി ഈ സീസണില്‍ ദിവസവും 30 ലോറികള്‍ വരെ മാങ്ങ കയറ്റി പോയിരുന്നു.

മൂവാണ്ടനാണ് മാങ്ങ ഷെഡ്ഡുകളില്‍ ഇപ്പോള്‍ അധികവും എത്തുന്നത്. മുംബൈയില്‍ രത്‌നഗിരിയില്‍നിന്നുള്ള മാങ്ങ സുലഭമാണ്. തമിഴ്നാട്ടിലും നല്ല രീതിയില്‍ മാങ്ങ കൃഷിയുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കേരള മാങ്ങയ്ക്ക് കൂടുതല്‍ പ്രിയം. കോവിഡ് കാരണം അവിടെ പ്രധാന ചന്തകളൊന്നും സജീവമല്ല. ഇതിനു പുറമെയാണ് ഡീസല്‍ വിലവര്‍ദ്ധന മൂലമുണ്ടായ ലോറി വാടകയിലെ വര്‍ദ്ധന.

നേരത്തെ അലഹാബാദ്, ഡല്‍ഹി ഭാഗങ്ങളിലേയ്ക്ക് ഒരു ലോഡ് കയറ്റിവിടാന്‍ ലോറി വാടക 85,000 ആയിരുന്നു. ഇന്ന് 1.20 ലക്ഷമാണ് വാടക. ലോറിവാടക ഇനത്തില്‍ മാത്രം 16 രൂപ ഒരു കിലോ മാങ്ങ കയറ്റിവിടാന്‍ ചെലവേറിയതായി മാങ്ങ വ്യാപാരി ടി.എ. മൊയ്തീന്‍ പറയുന്നു. നിലവില്‍ മേഖലയില്‍നിന്ന് ഒന്നോ,രണ്ടോ ലോറികളാണ് മാങ്ങ കയറ്റി പോകുന്നത്. ഒരേ ലോറി ജയ്പുരിലും ഡല്‍ഹിയിലും മാങ്ങ എത്തിക്കുകയാണ്.

Content Highlights: Mango Farmers in Trouble