രുകാലത്ത് റബറിനേക്കാള്‍ വില ഉയര്‍ന്നതോടെ താരമായ മലേഷ്യന്‍ പഴങ്ങളുടെ വിപണി വീണ്ടും താഴേക്ക് തന്നെ. നിപ്പ ഭീതി കൂടി ഉയര്‍ന്നതോടെ വിളവായ പഴങ്ങള്‍ പ്രാദേശിക വിപണിയില്‍ പോലും നല്ല വിലയ്ക്ക് വിറ്റഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ചെറുകിട കര്‍ഷകര്‍. പാകമായ റംബൂട്ടാന്‍ മരങ്ങളില്‍ വാവലുകളുടെ ശല്യം ഏറെയാണുള്ളത്. വാവലുകള്‍ നിപ്പ പരത്തുമെന്ന ഭീതിയുള്ളതിനാല്‍ കച്ചവടം ഇനിയും ഇടിയുമെന്നാണ് കരുതുന്നത്. ഒരുകാലത്ത് 250 മുതല്‍ 300 രൂപ വരെ വിലയുണ്ടായിരുന്ന റംബൂട്ടാനടക്കമുള്ള പഴങ്ങള്‍ക്ക് 80 മുതല്‍ 140 രൂപ വരെയാണ് ഇക്കുറി ലഭിച്ചത്. 

നാട്ടിന്‍പുറങ്ങളില്‍ നിന്നും ചെറുകിട വ്യാപാരികള്‍ ശരാശരി അന്‍പത് രൂപയ്ക്കാണ് പഴങ്ങള്‍ വാങ്ങിയത്. കാലാവസ്ഥാ വ്യതിയാനവും വേനല്‍മഴയും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആഭ്യന്തര ഉത്പാദനത്തെയും ബാധിച്ചു. എന്നാല്‍, സീസണ്‍ കഴിഞ്ഞതോടെ തമിഴ്നാട് അടക്കമുള്ള വിപണികളില്‍ റംബൂട്ടാന് ആവശ്യക്കാര്‍ കൂടിയിരുന്നു. ഇതോടെ വില 160-ല്‍ എത്തി. എന്നാല്‍ കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ചതിനാല്‍ വില്‍പന കുറയുമോ എന്ന ആശങ്കയുമുണ്ട്. കേരളത്തില്‍ റംബൂട്ടാന്റെ ആഭ്യന്തര ഉത്പാദനം 7,000 മുതല്‍ 8,000 വരെയാണ്. മധ്യകേരളത്തില്‍ മാത്രം 3500 ടണ്‍ ഉത്പാദനമുണ്ട്.

ആദ്യം വിലയിടിച്ചത് കച്ചവടക്കാര്‍

ഇന്ത്യയില്‍ ഏറ്റവും നന്നായി മലേഷ്യന്‍ പഴങ്ങള്‍ വിളയുന്നത് കേരളത്തിലാണ്. മധ്യകേരളത്തില്‍ റംബൂട്ടാന്റെ ഉത്പാദനം വര്‍ധിച്ചതോടെ ഇവ വിറ്റഴിക്കാന്‍ പ്രാദേശിക കച്ചവടക്കാര്‍ കൂടിയതാണ് വിപണി ഇടിയാന്‍ കാരണം. പഴങ്ങള്‍ പാകമാകുമ്പോള്‍ ചെറിയവില നല്‍കി ഇത് വാങ്ങിയ ശേഷം 80 മുതല്‍ 120 രൂപ വിലയ്ക്ക് വില്‍ക്കുന്നതാണ് ഓരോവര്‍ഷവും വിപണി താഴേക്ക് പോകാന്‍ കാരണം. കഷ്ടിച്ച് 50 മുതല്‍ 60 രൂപ വരെ കിട്ടുമ്പോള്‍ ചെറുകിട കര്‍ഷകര്‍ ഇത് വിറ്റഴിക്കും. റബര്‍തോട്ടങ്ങള്‍ വെട്ടിമാറ്റി ശാസ്ത്രീയമായി കൃഷി ചെയ്തവരാണ് ഇതുമൂലം പ്രതിസന്ധിയിലായത്.

ഉത്പാദനത്തിലും കുറവ്

മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്പാദനത്തിലും കുറവുണ്ടായി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂവിട്ട തോട്ടങ്ങളില്‍ വേനല്‍മഴ പെയ്തതോടെ ഗണ്യമായി പൂക്കള്‍ കൊഴിഞ്ഞു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പൂവിട്ട തോട്ടങ്ങളിലാണ് മികച്ച ഉത്പാദനം ലഭിച്ചത്. നിലവിലെ സാഹചര്യത്തിലുള്ളത് പോലും വിറ്റഴിക്കാന്‍ സാധാരണ കര്‍ഷകര്‍ക്ക് കഴിയുന്നില്ല.

Content Highlights: Malaysian fruit's price drop in kerala