പെരുന്നാള്‍ സീസണ്‍ കണ്ടറിഞ്ഞ് അതിര്‍ത്തി കടന്നുവരുന്ന തണ്ണിമത്തനുകള്‍ മാത്രമല്ല മലപ്പുറം ജില്ലയിലുള്ളത്. മലപ്പുറത്തിന്റെ മണ്ണില്‍ വിളയിച്ചെടുക്കുന്ന നല്ല ബ്രാന്റഡ് തണ്ണിമത്തനും ഇവിടെയുണ്ട്.

കുറുവ വില്ലേജില്‍ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കീഴിലെ കര്‍ഷകനായ അമീര്‍ ബാബുവിന്റെ നേതൃത്വത്തിലാണ് കരിഞ്ചാപ്പാടിയിലെ കൃഷി. നാലുതരം തണ്ണിമത്തനും ഷമാമുമാണ് ഇത്തവണ കൃഷിചെയ്തത്.

പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അനിമോള്‍ ഇനത്തില്‍പ്പെട്ട തണ്ണിമത്തനാണ് ഇത്തവണത്തെ താരം. സാധാരണ വത്തക്കയേക്കാള്‍ നാലിരട്ടി വിലയുണ്ടിതിന്. എങ്കിലും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും മഞ്ഞമത്തനാണ് ആവശ്യക്കാരേറെയും.

ലോക്ഡൗണ്‍ കാലത്ത് ഫെയ്സ്ബുക്കും വാട്സാപ്പും വഴിയും നേരിട്ടും വില്‍പന പൊടിപൊടിക്കുകയാണ്. സ്വന്തം പാടത്തും പാട്ടത്തിനെടുത്ത പാടത്തുമായി പത്തേക്കറോളം സ്ഥലത്താണ് കൃഷി. ശാസ്ത്രീയ കൃഷിരീതികളാണ് കരിഞ്ചാപ്പാടിയിലെ മത്തന്റെ പ്രത്യേകതയെന്ന് കൃഷി ഓഫീസര്‍ ഷുഹൈബ് തൊട്ടിയാന്‍ പറഞ്ഞു.

ഫെബ്രുവരി മുതല്‍ മെയ്വരെയുള്ള കാലയളവിലാണ് ഇവിടുത്തെ തണ്ണിമത്തന്‍ കൃഷി. സംസ്ഥാന സര്‍ക്കാറിന്റെ ഫാര്‍മേഴ്സ് റീട്ടേയില്‍ മാര്‍ക്കറ്റ് സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. സൂക്ഷ്മ ജലസേചനത്തിനും കളകളുടെ ശല്യം ഇല്ലാതാക്കാനും കൃഷിവകുപ്പുവഴി നടപ്പാക്കിയ മള്‍ച്ചിങ് കൃഷിരീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.

Content Highlights: Malappuram's own watermelon brand Kurinjipadi vathakka