ഉന്നത വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാതെതന്നെ കൃഷിയിലെ കഠിനാധ്വാനത്തിനും പരീക്ഷണങ്ങള്‍ക്കും അവധി കൊടുക്കാത്ത ചോലപ്പറമ്പത്ത് ശശിധരന്‍ കാര്‍ഷിക വിദഗ്ദര്‍ക്ക് വീണ്ടും വിസ്മയം പകരുന്നു. വടക്കന്‍ പാലൂരിലെ കൃഷിസ്ഥലത്ത് സ്വന്തമായി വികസിപ്പിച്ചെടുത്ത കൂര്‍ക്കയുമായാണ് ഇത്തവണ വരവ്. വിവിധയിനം നാടന്‍ കൂര്‍ക്കകളില്‍ തലമുറമാറ്റം വരുത്തിയാണ് പുതിയ ഇനം വികസിപ്പിച്ചെടുത്തത്.
എട്ടുവര്‍ഷമായി നിരന്തരം വിള പരിശോധനയും താരതമ്യപഠനവും നടത്തിയാണ് ഗുണനിലവാരം ഉറപ്പിച്ചത്. നല്ല നാടന്‍ കൂര്‍ക്കയില്‍നിന്ന് സാധാരണ ഒരു ചതുരശ്ര മീറ്ററില്‍ 3.222 കിലോഗ്രാമാണ് വിളവ് കിട്ടുക. ഏകദേശം 100 ഗ്രാം അധികവിളവ് നല്‍കും.
പുതിയ ഇനം ഇലകള്‍ക്ക് വൈലറ്റ് കലര്‍ന്ന പച്ചനിറമാണ്. ചതുരാകൃതിയിലുള്ള തണ്ടിന്റെ കോണുകളിലും വൈലറ്റ് നിറമാണ്. നീണ്ടുരുണ്ട ഇലകളാണ് മറ്റൊരു പ്രത്യേകത. മറ്റു കൂര്‍ക്ക ഇലകളേക്കാള്‍ വിസ്തീര്‍ണവും കുറവാണ്. ചെറുതായി കൈയിലിട്ട് ഉരച്ചാല്‍തന്നെ തൊലി പൂര്‍ണമായും അടര്‍ത്തിമാറ്റാം. സാധാരണ കൂര്‍ക്കയില്‍ കണ്ടുവരുന്ന ചുളിവുകളും ഇതിനില്ല.
നല്ലസ്വാദും ഗന്ധവും രോഗ പ്രതിരോധശേഷിയുമുണ്ട്. മണ്ണില്‍ തടമെടുത്ത് ആറു സെന്റിമീറ്റര്‍ അകലത്തിലാണ് നടുന്നത്. ഇല നട്ട് 135 ദിവസമാകുമ്പോഴേക്കും വിളവെടുക്കാം. അല്‍പ്പം വണ്ണം കൂടി നീളത്തിലുള്ള കിഴങ്ങിന് കാഴ്ച ഭംഗിയുമുണ്ട്. മണ്ണില്‍ വളങ്ങളൊന്നും ചേര്‍ക്കാതെതന്നെ സമൃദ്ധമായി വളരും. പുതുവഴികളിലൂടെ പുതിയ കണ്ടുപിടിത്തം സംബന്ധിച്ച വിവരങ്ങള്‍ അഹമ്മദാബാദിലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന് അയച്ചു കൊടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ ഔദ്യോഗിക അംഗീകാരവുമാകും.
തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. ആശ, മണ്ണുപരിശോധന വിഭാഗത്തിലെ ഡോ. സൂസന്‍ എന്നിവരുടെ നിര്‍ദേശങ്ങളോടെയാണ് ശശിധരന്‍ മുന്നോട്ടുപോകുന്നത്. 30 സെന്ററില്‍ ഇത്തവണ കൂര്‍ക്ക കൃഷി ഇറക്കുന്നുണ്ട്. അടുത്തഘട്ടത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വിപുലപ്പെടുത്താനാണ് നീക്കം.
സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള 'ഗോപിക' നെല്ല് ഇദ്ദേഹത്തിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അംഗീകാരം നേടിക്കൊടുത്തിരുന്നു. വിവിധ കൃഷിയും അവക്ക് സ്വന്തം കൃഷിരീതികളും ചെയ്തുവരുന്ന ശശിധരന് കാര്‍ഷികരംഗത്തെ വിവിധ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 30 വര്‍ഷമായി കൃഷിരംഗത്തുണ്ട്. നെല്ലും പച്ചക്കറികളുമെല്ലാമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കൃഷി.
Content Highlights: Malappuram Native farmer Sasidharan developed new type of Chinese potato plant