ലോകത്തിലെ മികച്ച കാപ്പിക്കുരു കൃഷിചെയ്യുന്ന വയനാട്ടിലെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യം വച്ച് മലബാര്‍ കോഫി എന്ന ബ്രാന്‍ഡ് ലേബലില്‍ കാപ്പിപ്പൊടി വിപണിയിലെത്തിക്കുവാന്‍ സംസ്ഥാന ബജറ്റില്‍ പദ്ധതി വിഭാവനം ചെയ്തുകഴിഞ്ഞു. കിഫ്ബിയില്‍ നിന്നുളള ഫണ്ട് ഉപയോഗിച്ച് 150 കോടിയുടെ മെഗാഫുഡ് പാര്‍ക്കും സംസ്കരണകേന്ദ്രവും ഇതിനായി സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
സഹകരണമേഖലയ്ക്ക് മുന്‍തൂക്കം നല്കി കര്‍ഷക ഉത്പാദന കമ്പനികളിലൂടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനാണ് ഉദ്ദേശിക്കുന്നത്. കാപ്പിപ്പൊടിയുടെ പത്ത് ശതമാനം വിലയാണ് യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. സംഭരണ സമയത്ത് തന്നെ കര്‍ഷകര്‍ക്ക് വില നല്കി ഇത് 20 ശമാനമാക്കി ഉയര്‍ത്തുവാനും പദ്ധതി ലക്ഷ്യമിടുന്നു.
വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ മലനിരകളില്‍ കൃഷിചെയ്യപ്പെടുന്ന കാപ്പി ലോകോത്തര നിലവാരമുള്ളതാക്കി ഉയര്‍ത്തുകയും ലോകവിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം. വനവത്കരണം, വൃക്ഷങ്ങളുടെ ജിയോ-മാപ്പിംഗ് എന്നിവ നടപ്പിലാക്കി വയനാടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുവാനും മാതൃകാപദ്ധതി സജ്ജമാകുന്നുണ്ട്. വയനാട് കേന്ദ്രീകരിച്ചു കൊണ്ട് ആരംഭിച്ച പുഷ്പകൃഷി പ്രത്യേക കാര്‍ഷിക മേഖലാ വികസനം, കുരുമുളക് കൃഷി എന്നിവയ്ക്കായി 5 കോടിയും ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്.
Content highlights: Malabar coffee, Organic farming, Wayanad