പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ക്ഷീരമേഖലയ്ക്ക് ഭീഷണിയായി മാറിയ ചര്‍മമുഴ രോഗം ജില്ലയിലെ 25 പശുക്കളില്‍ ബാധിച്ചതായി മൃഗസംരക്ഷണ വകുപ്പ്. പ്രതിരോധ കുത്തിവെയ്പ് എടുത്തില്ലെങ്കില്‍ പശുവളര്‍ത്തല്‍ ദയനീയസ്ഥിതിയിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച മുതല്‍ 20 ദിവസം ജില്ലയിലെ എല്ലാ പശുക്കള്‍ക്കും പ്രതിരോധ കുത്തിവെയ്പ് എടുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
റിപ്പോര്‍ട്ട് ചെയ്തത് ഒമ്പത് പഞ്ചായത്തുകളില്‍
പന്തളം, പന്തളം തെക്കേക്കര, ഏനാദിമംഗലം, മല്ലപ്പള്ളി, കോഴഞ്ചേരി, കോയിപ്രം, ചിറ്റാര്‍, ആറന്മുള, ഏറത്ത് എന്നീ പഞ്ചായത്തുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജില്ലയില്‍ പശുക്കള്‍ ഒന്നും ചത്തിട്ടില്ല. രോഗം കണ്ടെത്തിയ പശുക്കളെ ഗുരുതരാവസ്ഥയില്‍നിന്ന് രക്ഷിക്കാനായിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.ജ്യോതിഷ് ബാബു അറിയിച്ചു.
അഞ്ച് സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള മുഴ
ലംപി സ്കിന്‍ ഡിസീസ് എന്നാണ് ചര്‍മമുഴ രോഗം അറിയപ്പെടുന്നത്. വൈറസ് മൂലമുണ്ടാകുന്ന അസുഖമാണിത്. ഉയര്‍ന്ന പനി, പാലുത്പാദനം ഗണ്യമായി കുറയല്‍, തീറ്റയോടുള്ള മടുപ്പ്, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, വായില്‍നിന്നും ഉമിനീര് പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പലയിടത്തായി രണ്ടുമുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ മുഴകള്‍ വൃത്താകൃതിയില്‍ പ്രത്യക്ഷപ്പെടും. കട്ടിയുള്ള മുഴകളാണ് ഉണ്ടാവുക. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്റെ അടിഭാഗങ്ങളിലും മുഴകള്‍ ധാരാളമായി കാണാം. ഈ രോഗം ജന്തുജന്യമല്ല. എന്നാല്‍ കന്നുകാലികളില്‍ ഇത് വേഗം പടരുന്ന ഒന്നാണ്.
പ്രതിരോധ കുത്തിവെയ്പ് 6000 പശുക്കളില്‍
ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന യജ്ഞത്തിലൂടെ ജില്ലയിലെ ഏകദേശം 6000 പശുക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കും. വീടുകളിലെത്തിയാണ് സൗജന്യ കുത്തിവെയ്പ് നല്‍കുക. 105 സ്ക്വാഡുകളാണ് ജില്ലയിലുണ്ടാവുക. ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഐമാലി ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്ററ് ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിക്കും.
പ്രതിരോധകുത്തിവെയ്പിനെ കുറിച്ച് വിശദീകരിച്ച പത്രസമ്മേളനത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ആര്. രാജേഷ് ബാബു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാനകീദാസ്, പി.ആര്.ഒ. ഡോ. എബി.കെ. എബ്രഹാം, ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. വാണി ആര്.പിള്ള എന്നിവരും പങ്കെടുത്തു.
കര്‍ഷകര്‍ ശ്രദ്ധിക്കാന്‍
• ഈച്ച, മൂട്ട, ചെള്ള്, പട്ടുണ്ണി, കൊതുക് തുടങ്ങിയ ജീവികളിലൂടെയാണ് വൈറസ് പശുക്കളിലെത്തുക. ഇവയുടെ സാന്നിധ്യം ഒഴിവാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഇവയെ ഒഴിവാക്കാനുള്ള ഉപാധികള്‍ തേടണം.
• തൊഴുത്തിനുസമീപം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.
• ഏതെങ്കിലും പശുവിന് രോഗലക്ഷണം ഉണ്ടായാല്‍ അതിനെ പ്രത്യേകം മാറ്റിനിര്‍ത്തണം. കൊതുകുവലപോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാം.
• ഒരു പശുവിനെ കറക്കുകയോ പരിപാലിക്കുകയോ ചെയ്തശേഷം പൂര്‍ണമായും അണുവിമുക്തമായ ശേഷം മാത്രമേ അടുത്ത പശുവിനെ തൊടാന്‍ പാടുള്ളൂ. വ്യക്തിശുചിത്വം പാലിക്കണം.
• പുതിയ പശുക്കളെ വാങ്ങുന്നത് തത്കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കണം.
• എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ മൃഗഡോക്ടറെ അറിയിക്കണം.
Content Highlights: lumpy skin disease in cows makes farmers suffer asked to take injection as precaution
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..