'എന്റെ അച്ഛന്റെകാലം മുതല്‍ 60 വര്‍ഷമായി ഞങ്ങളുടെ കളത്തിലെ നെല്ല് കയറ്റിവിടുന്നത് ഇവിടത്തെ തൊഴിലാളികളാണ്. ഇത്തവണ പാതിനെല്ല് കയറ്റിയശേഷമാണ് ഒരുകൂട്ടം കയറ്റിറക്ക് തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി നെല്ല് കളത്തില്‍നിന്ന് മാറ്റാന്‍ സഹായംചോദിച്ച് കയറിയിറങ്ങാത്ത ഓഫീസുകളില്ല' -കുഴല്‍മന്ദം പെരുങ്കുന്നത്തെ കര്‍ഷകനായ എം. കുട്ടികൃഷ്ണന്റെ വാക്കുകളില്‍ നിരാശ.

paddyചാക്കില്‍നിറച്ച 10 ടണ്‍ നെല്ലാണ് കുട്ടികൃഷ്ണന്റെ കളത്തില്‍ പ്രദേശത്തെ കയറ്റിറക്ക് തൊഴിലാളികളുടെ എതിര്‍പ്പുമൂലം സംഭരണത്തിന് നല്‍കാനാവാത്തത്. കഴിഞ്ഞ 24-ന് സ്വന്തം തൊഴിലാളികളെ വെച്ച് 180 ചാക്ക് നെല്ല് മില്ലിലേക്ക് കയറ്റിവിട്ട ശേഷമാണ് പ്രശ്‌നംതുടങ്ങിയത്. സംഭരണത്തിന് നിശ്ചയിച്ച മുഴുവന്‍ നെല്ലും മില്ലിലെത്തിക്കാതെ പി.ആര്‍.എസ്. ലഭിക്കില്ല. ഇതുമൂലം നെല്ലുവിലയോ ബാങ്ക് വായ്പയോ കിട്ടാതായതോടെ രണ്ടാംവിള ഇറക്കാനാവാത്ത സ്ഥിതിയിലാണ് ഈ കര്‍ഷകന്‍.

ആറരലക്ഷത്തോളം ചെലവഴിച്ച് നടത്തിയ കൃഷിയില്‍ പാതിവിളവും പ്രളയത്തിലും രോഗബാധയിലും നഷ്ടമായിട്ടും തളരാതെനിന്ന ഈ എണ്‍പതുകാരനില്‍ നിന്ന് കളത്തില്‍ കെട്ടിക്കിടക്കുന്ന നെല്ല് എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കയാണ്. കയറ്റിറക്ക് തൊഴിലാളികളില്‍ നിന്നുള്ള ഭീഷണിക്കെതിരേ സഹായമാവശ്യപ്പെട്ട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ മുതല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് വരെ കയറിയിറങ്ങിയിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ലെന്ന്  ഈ കര്‍ഷകന്‍ പറയുന്നു.

സര്‍ക്കിള്‍ ഓഫീസില്‍ നല്‍കിയ പരാതി ജില്ലാ പോലീസ് സൂപ്രണ്ടിനും അയച്ച് കാത്തിരിക്കയാണ് ഈ കര്‍ഷകന്‍. വ്യാഴാഴ്ച രാവിലെമുതല്‍ നെല്ലുകയറ്റാനായി കുഴല്‍മന്ദം പോലീസ് നേരിട്ട് ലോറിവിളിച്ചെങ്കിലും ഉച്ചവരെ കാത്തുകിടന്ന വണ്ടിക്ക് അകമ്പടിപോകാന്‍ പോലീസെത്തിയില്ല. അന്വേഷിച്ചപ്പോള്‍ തൊഴിലാളികളുമായി ചര്‍ച്ചനടത്തിയശേഷം മതി പോലീസ് സംരക്ഷണമെന്ന നിലപാട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതായി അറിഞ്ഞു. വീണ്ടും നെല്ല് കളത്തിലായി.തുറന്നകളത്തില്‍ ഇടയ്ക്ക് ചാറുന്നമഴ നനയാതെ ടാര്‍പ്പായയിട്ട് മൂടിയാണ് കര്‍ഷകന്‍ നെല്ല് സംരക്ഷിക്കുന്നത്. ഇതിനിടെ ചാക്കില്‍നിന്ന് ഉതിര്‍ന്ന് താഴെവീണ നെല്ല് മുളച്ചും തുടങ്ങി.

ലേബര്‍ ഓഫീസറെ സമീപിച്ചപ്പോള്‍ നിയമപരമായി കര്‍ഷകന് നെല്ല് സ്വന്തം തൊഴിലാളിയെ ഉപയോഗിച്ച് കയറ്റാന്‍ അധികാരമുണ്ടെന്നായിരുന്നു തീരുമാനം. തടഞ്ഞാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ലേബര്‍ ഓഫീസര്‍  തൊഴിലാളി നേതാക്കളെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെയാണ്  കുട്ടികൃഷ്ണന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ച എസ്.ഐ. അവധിയിലായതോടെ തൊഴിലാളികളുമായുള്ള ചര്‍ച്ചയും നടന്നില്ല.

Content highlights: Paddy filed, Agriculture, Organic farming