സംസ്ഥാനത്തെ പാടശേഖരങ്ങളിലെ മണ്ണിന്റെ അമ്ലത്വം കുറച്ച് ഗുണമേന്മ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. രണ്ടാംവിള കൃഷി വ്യാപകമായ ജില്ലകളിലെ 22,943 ഹെക്ടര്‍ പാടങ്ങളിലേക്കാവശ്യമായ കുമ്മായവും ഡോളോമൈറ്റും നല്‍കുന്നതിന് കൃഷിവകുപ്പ് നടപടി തുടങ്ങി. ഒന്നാംവിളയില്‍ രോഗബാധയും മുരടിപ്പും വഴി പ്രധാന നെല്ലുത്പാദനമേഖലയായ പാലക്കാട് അടക്കം വിളവില്‍ ഗണ്യമായ കുറവുണ്ടായി. ഈ സാഹചര്യത്തില്‍ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള നീക്കം.

നെല്‍ച്ചടികളുടെ വേരുകള്‍ ആരോഗ്യത്തോടെ വളരുന്നതിനാണ് മണ്ണില്‍ കുമ്മായം ചേര്‍ക്കുന്നത്. എന്നാല്‍, രണ്ടു വര്‍ഷത്തോളമായി കൃഷിവകുപ്പ് വഴി നല്‍കുന്ന കുമ്മായത്തിന്റെയും ഡോളോമൈറ്റിന്റെയും വിതരണത്തില്‍ കുറവുണ്ടായതിന് പുറമേ ഗുണനിലവാരക്കുറവും പ്രശ്‌നമായി. ട്രഷറി നിബന്ധനകളുടെ ഭാഗമായാണ് സംസ്ഥാനത്ത് നെല്‍ക്കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ തോതില്‍ കുമ്മായം വിതരണം ചെയ്യുന്നതിന് തടസ്സങ്ങളുണ്ടാവുന്നതെന്ന് കൃഷിവകുപ്പ് ഡയറക്ടറുടെ ഓഫീസ് അധികൃതര്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ രണ്ടാംവിള നെല്‍ക്കൃഷി തുടങ്ങി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൃഷിയിടങ്ങള്‍, ആലപ്പുഴ മേഖലയിലെ കുട്ടനാടന്‍ പാടശേഖരങ്ങള്‍, തൃശ്ശൂരിലെയും മലപ്പുറത്തെയും കോള്‍പ്പാടങ്ങള്‍ എന്നിവിടങ്ങളില്‍ നിലമൊരുക്കല്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ കുമ്മായവും ഡോളോമൈറ്റും വിതരണം ചെയ്യാതിരുന്നാല്‍ നെല്ലിന്റെ വിളവ് ഇനിയും കുറയാനുള്ള സാധ്യത ഏറെയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കുമ്മായവിതരണം ആവശ്യമായത് 44,018 ഹെക്ടര്‍ നെല്‍പ്പാടങ്ങളിലാണ്. ഇതില്‍ 21,075 ഹെക്ടറില്‍ ഡിസംബറിനുള്ളില്‍ സഹകരണസംഘങ്ങള്‍വഴി കുമ്മായവും ഡോളോമൈറ്റും എത്തിക്കും. ബാക്കി വരുന്ന 22,943 ഹെക്ടറിലേക്ക് ആവശ്യമായവ വാങ്ങാന്‍ 12.39 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുക ലഭിക്കുന്നതിന് അനുമതിയായിട്ടുണ്ട്.

Content Highlights: Lime and dolomite to 22,943 hectares of fields to increase productivity