വെറ്റിലപ്പാറ എക്‌സ് സർവീസ്മെൻ കോളനിവളപ്പിൽ നിറയെ പൂത്തുനിൽക്കുന്ന മാവ്
കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ച് തൃശ്ശൂര്‍ മലയോരമേഖലയില്‍ മാവുകള്‍ നിറയെ പൂത്തു. 'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍...' എന്ന സിനിമാസംഭാഷണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാവുകള്‍ പൂത്തുനില്‍ക്കുന്നത്. മലയോരകര്‍ഷകരുടെ വരുമാനത്തില്‍ പ്രധാനമായ മാവുകളും കശുമാവുകളും പൂക്കാത്തതിലും പ്ലാവുകളില്‍ ചക്കപിടിക്കാത്തതിലും കര്‍ഷകര്‍ നിരാശയിലായിരുന്നു. മഴ നീണ്ടുനിന്നതും മഞ്ഞ് വളരെ വൈകിയതുമാണ് മാവുകള്‍ പൂക്കാത്തതിന് കാരണം. എന്നാല്‍, വളരെ വൈകി മഞ്ഞ് തുടങ്ങിയതോടെ മാവുകള്‍ നിറയെ പൂക്കാന്‍ തുടങ്ങി.
ഏറെ മാവുകളുള്ള വെറ്റിലപ്പാറ എക്‌സ് സര്‍വീസ്മെന്‍ കോളനിവളപ്പിലെ ഭൂരിഭാഗം മാവുകളും പൂത്തു. ഒരു മാങ്ങ നാലുകിലോ വരെ തൂക്കം വരുന്ന ജവാന്‍പസന്ത്, കൊതിയൂറും മധുരമുള്ള ചെറിയ മാങ്ങയായ ചന്ദ്രക്കാരന്‍, ഗുദാത്ത്, ബംഗനപ്പിള്ളി, ഓറഞ്ചിന്റെ മണമുള്ള ഓറഞ്ചുമാങ്ങ തുടങ്ങി 60 ഇനങ്ങളിലായി നൂറിലേറെ മാവുകള്‍ കോളനിവളപ്പിലുണ്ട്. ചക്കയും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാവുകള്‍ ഇത്രയധികം പൂത്ത സമയം ഉണ്ടായിട്ടില്ലെന്ന് കോളനി സെക്രട്ടറി പി.എം. ജോയി പറഞ്ഞു.
മലയോരമേഖലയില്‍ കാര്‍ഷികവിളകളുടെ പൂക്കലും ഫലമുണ്ടാകലും താളംതെറ്റിയിട്ടുണ്ട്. ഇക്കാര്യം വെറ്റിലപ്പാറ കൃഷിഭവന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃഷിവകുപ്പ് അധികൃതരുടെ അഭ്യര്‍ത്ഥനപ്രകാരം ഇതേപ്പറ്റി പഠിക്കുന്നതിനായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള വിദഗ്ധസംഘം വൈകാതെ അതിരപ്പിള്ളി മേഖല സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..