പൂര്‍വ നെല്ലിനമായ കൃഷ്ണകൗമോദു കൃഷിയിലൂടെ നേട്ടങ്ങള്‍ കൊയ്യുകയാണ് മമ്പറം കുഴിയില്‍പീടിക സ്വദേശി രാമദാസ് പൊന്നമ്പത്ത്. ഉത്തരേന്ത്യയില്‍ പ്രധാനമായും ഗുജറാത്തിലാണ് ഈ നെല്ലിനം കൃഷിചെയ്യുന്നത്. വയനാട്ടില്‍നിന്ന് വാങ്ങിയ അഞ്ചുകിലോ നെല്‍വിത്ത് ഓടക്കാട് വയലിലെ 20 സെന്റ് സ്ഥലത്താണ് രാമദാസ് വിതച്ചത്. 

കഴിഞ്ഞതവണ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചതിനാല്‍ മുന്‍കരുതലായി നല്ല പരിചരണം നല്‍കി. അതിനാല്‍ ഇത്തവണ നല്ല വിളവാണ് ലഭിച്ചത്. മറ്റ് നെല്ലിനങ്ങളില്‍നിന്ന് വ്യത്യസ്തമായി കൃഷ്ണകൗമോദു വിളയാന്‍ 140 ദിവസത്തോളമാകും. ഒരാള്‍ പൊക്കത്തില്‍ വളരുന്ന നെല്‍ക്കതിരുകള്‍ പൂത്തുതുടങ്ങുമ്പോള്‍ പരിസരമാകെ സുഗന്ധം പരക്കും.

രോഗപ്രതിരോധശക്തി കൂടിയ ഇനമായതിനാല്‍ വിപണിയില്‍ ആവശ്യക്കാരേറെയാണ്. പാല്‍ക്കഞ്ഞി, പാല്‍പ്പായസം എന്നിവ തയ്യാറാക്കാന്‍ കൃഷ്ണകൗമോദു അരി ഉത്തമമാണ്. പെയിന്റിങ് തൊഴിലാളിയായ രാമദാസ് ജോലിയുടെ ഇടവേളകളിലാണ് കൃഷിപ്പണിക്കിറങ്ങുന്നത്. ഒരേക്കര്‍ വയലില്‍ ജീരകശാല, മകര എന്നീ നെല്ലിനങ്ങളും കൃഷിചെയ്യുന്നുണ്ട്.

Content Highlights: Krishna Kamod emits fragrance of success for Ramadas