നെല്‍ക്കൃഷിയില്‍ വിത്തിന്റെ അളവുകുറച്ച് കൃഷിയിറക്കുന്ന കെട്ടിനാട്ടി രീതി കുട്ടനാട്ടിലും പരീക്ഷിക്കുന്നു. വിത്തിന്റെ ചെലവു കുറയുന്നതിനൊപ്പം മികച്ച വിളവും ഈ രീതി ഉറപ്പുവരുത്തുന്നു. വിത്തു തയ്യാറാക്കുന്നതിലെ വൈവിധ്യം, വിതയ്ക്കുന്നതിലെ വ്യത്യസ്തത എന്നിവയാണു മറ്റു സവിശേഷതകള്‍. സാധാരണ ഒരേക്കറില്‍ കൃഷിവകുപ്പ് ശുപാര്‍ശചെയ്യുന്നത് 40 കിലോ വിത്താണ്. വിള കുറയരുതെന്ന ആഗ്രഹത്തില്‍ കര്‍ഷകര്‍ പലപ്പോഴും 42-45 കിലോവരെ വിതയ്ക്കാറുണ്ട്. 

ഒരുകിലോ വിത്തിനു 42 രൂപയാണു വില. ഈ തുക സബ്സിഡിയായി നല്‍കുമെങ്കിലും അവ കുറച്ചിട്ടുള്ള വിലയാണ് കര്‍ഷകന്റെ അക്കൗണ്ടിലെത്തുക. എന്നാല്‍, കെട്ടിനാട്ടി രീതിയില്‍ പരമാവധി ഒരേക്കറിനു ശുപാര്‍ശചെയ്യുന്നതു രണ്ടുകിലോയാണ്. ശരാശരി ഒരേക്കറില്‍ 38 കിലോ വിത്തിന്റെ കുറവ്. ഒരേക്കറിലെ ലാഭം 1,596 രൂപ.

തയ്യാറാക്കുന്ന വിധം

വളക്കൂട്ടുകള്‍ ഗുളികരൂപത്തിലാക്കി അതില്‍ വിത്തിട്ട് കിളിര്‍പ്പിച്ചു നടുന്ന രീതിയാണിത്. ചാണകം, പശയ്ക്കായി കറ്റാര്‍വാഴ സത്തോ ചെമ്പരത്തിത്താളിയോ, ഉഴുന്ന്, സ്യൂഡോമൊണാസ്, സൂക്ഷ്മാണുവായ വാം, പി.ജി.പി.ആര്‍. ഒന്ന് മിശ്രിതം ഇവയിലേതെങ്കിലും, ഉലുവ, ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചശേഷമുള്ള പഴകിയ വെളിച്ചെണ്ണ എന്നിവയോടൊപ്പം ചേര്‍ത്താണു വളക്കൂട്ട് നിര്‍മിക്കുന്നത്. റബ്ബര്‍ഹോള്‍ മാറ്റിലോ ട്രേയിലോ ഒരുദിവസം ഒരാള്‍ക്ക് പരമാവധി 64,000 കെട്ടിനാട്ടികള്‍ നിര്‍മിക്കാം.

ഒരേക്കറിലേക്കു വേണ്ട പെല്ലെറ്റ് (ചാണകവരളി) ഒരുദിവസംകൊണ്ട് ഒരാള്‍ക്കു തയ്യാറാക്കാം. ഇത് 12 മണിക്കൂര്‍ വെയിലില്‍ ഉണക്കിയശേഷം ഒരുപ്രാവശ്യം സ്‌പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കും. പിന്നീട് വാരിക്കൂട്ടി ഇടും. രണ്ടുദിവസം കഴിയുമ്പോള്‍ മുളപൊട്ടും. ഇതു പിന്നീട് 25 സെന്റീമീറ്റര്‍ അകലത്തില്‍ പാടത്തിടും. ഒരു മുളയില്‍നിന്ന് നൂറിലധികം ചിനപ്പുകള്‍ (ചെടി) പൊട്ടിമുളയ്ക്കും.

വിളവ് ഇരട്ടി

ഒരു ചുവട്ടില്‍നിന്ന് സാധാരണ നെല്ലില്‍ 27 കതിരും 30 ചിനപ്പുമുണ്ടാകുമ്പോള്‍, കെട്ടിനാട്ടി രീതിയില്‍ 108 കതിരും 157 ചിനപ്പുമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. വിളവ് ഇരട്ടിയാക്കുന്നതിനുപുറമേ വയലില്‍ കെട്ടിനാട്ടി സ്ഥാപിക്കാന്‍ തൊഴിലാളികളും കുറച്ചുമതി. സാധാരണ ഒരേക്കറില്‍ ഞാറുപറിക്കാനും നടാനുമായി 10 പേര്‍വീതം വേണ്ടപ്പോള്‍, കെട്ടിനാട്ടി രീതിയില്‍ രണ്ടുപേര്‍ ഞാറ്റടി ഒരുക്കാനും നടാനായി മൂന്നുപേരും മതിയാകും. പക്ഷികള്‍ വിത്തു കൊത്തിക്കൊണ്ടുപോകുകയുമില്ല.

സാധാരണ പറിച്ചുനടല്‍ രീതിയില്‍ ഞാറു നടുമ്പോഴുണ്ടാകുന്ന കാലതാമസം കെട്ടിനാട്ടി രീതിയിലുണ്ടാകാത്തതിനാല്‍ കൊയ്ത്തും നേരത്തേയാക്കാം. കുട്ടനാട്ടില്‍ മങ്കൊമ്പിലെ സംസ്ഥാന കീടനിരീക്ഷണകേന്ദ്രത്തിന്റെയും ഏട്രീ ആലപ്പുഴയുടെയും മേല്‍നോട്ടത്തില്‍ തലവടി ചൂട്ടുമാലി പാടശേഖരത്തിലെ കൃഷിയിടത്തില്‍ ജേക്കബ് എന്ന കര്‍ഷകന്‍ ഇത്തവണ കെട്ടിനാട്ടി രീതി പരീക്ഷിച്ചിട്ടുണ്ട്.

Content Highlights: Kettinatti method: Variations of seed ball method for rice cultivation