പന്തളം: കെ.എസ്.ആര്‍.ടി.സി.യിലെ ഉദ്യോഗത്തേക്കാള്‍ കൃഷിയെ സ്നേഹിച്ച കേരളവര്‍മ്മയ്ക്ക് നഷ്ടമായത് ആറ്റുതീരത്തെ സമ്മിശ്രകൃഷി. അച്ചന്‍കോവിലാര്‍ കരകവിഞ്ഞ് ഒഴുകിയപ്പോള്‍ മങ്ങാരം തൂവേലില്‍ എന്‍.ആര്‍.കേരളവര്‍മ്മ പാട്ടത്തിനെടുത്ത് കൃഷിചെയ്ത ആലപ്പുഴഞ്ഞി പുരയിടത്തില്‍ അരയറ്റം വെള്ളം. കായലുപോലെ പരന്നുകിടക്കുന്ന വെള്ളത്തിലേക്ക് കരയില്‍ നിന്ന് വിഷമത്തോടെ നോക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു.

രണ്ടേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന പറമ്പില്‍ ഇല്ലാത്ത വിളകളില്ല. പച്ചമുളകുമുതല്‍ മുപ്പതു കിലോയിലധികം തൂക്കംവരുന്ന പാളയന്‍കോടന്‍ വാഴക്കുലവരെ ഇവിടെയുണ്ട്. വാഴകള്‍ പല തരമാണ്. സങ്കരയിനം, നാടന്‍, ഏത്തന്‍, കദളി, ചെങ്കദളി അങ്ങനെ എല്ലാ ഇനങ്ങളും. ഇഞ്ചി, കൊച്ചുചേമ്പ്, ചീമച്ചേമ്പ്, കാച്ചില്‍, കപ്പ, കിഴങ്ങ് തുടങ്ങി എല്ലാവിളകളും വെള്ളത്തില്‍ മുങ്ങിപ്പോയി.

കെ.എസ്.ആര്‍.ടി.സി. കൊട്ടാരക്കര ഡിപ്പോയില്‍ എ.ടി.ഒയായിരുന്ന കേരളവര്‍മ്മ ജോലിയില്‍ ഇരിക്കുമ്പോള്‍ത്തന്നെ നല്ല കര്‍ഷകനെന്ന കൃഷിവകുപ്പിന്റെ ബഹുമതി നേടിയിരുന്നു. വിരമിച്ചശേഷം പൂര്‍ണസമയം കൃഷിക്കാരനായി. കാര്‍ഷികമേളകളില്‍ വര്‍മ്മയുടെ വാഴക്കുലകള്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നു. വാഴയിലെ പല അപൂര്‍വ്വ ഇനങ്ങളും നഷ്ടമായി. അഴുകിയ വാഴകള്‍ വെട്ടിക്കൂട്ടിയ തോട്ടം ശവപ്പറമ്പിനു തുല്യമായി. ഇനിയും ആദ്യംമുതല്‍ തുടങ്ങണം. കൃഷിയിടത്തിലേക്ക് നോക്കി വര്‍മ്മ നെടുവീര്‍പ്പിട്ടു.