തൃശ്ശൂര്‍: ദേശീയസംസ്ഥാന കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ യുവകര്‍ഷകന്‍ മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി (49) ആണ് മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ കര്‍ഷകോത്തമ അവാര്‍ഡും 2018ലെ ജഗ്ജീവന്റാം ദേശീയ കര്‍ഷകപുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ മഴയിലും കാറ്റിലും സിബിയുടെയും സുഹൃത്ത് മുളകുവള്ളി പുന്നപ്ലാക്കല്‍ ടോമിയുടെയും ദേഹത്തേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിബി മരിച്ചു. ഇടുക്കിയില്‍ വാങ്ങിയ കൃഷിയിടത്തിലേക്ക് ഏലത്തട്ടകള്‍ വാങ്ങാന്‍ എത്തിയതായിരുന്നു സിബിയും സുഹൃത്തുക്കളും. 

പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ജഗ്ജീവന്‍ റാം ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളിയാണ് സിബി. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ പ്ളാന്റ് ജെനോം സേവിയര്‍ അവാര്‍ഡ്, തൃശ്ശൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്സഡ് ക്രോപ്പ് ഫെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അച്ഛന്‍ വര്‍ഗീസ് കല്ലിങ്കലിന്റെ പാത പിന്തുടര്‍ന്നാണ് ബിരുദധാരിയായ സിബി കൃഷിയിലേക്കെത്തിയത്. 20 ഏക്കറില്‍ പടര്‍ന്നുകിടക്കുന്ന സിബിയുടെ പറമ്പ് ഒരദ്ഭുതമാണ്. വിവിധ ഫലവൃക്ഷങ്ങളും വ്യത്യസ്തയിനം പക്ഷികളും കോഴികളും പശുക്കളും കുതിരകളും പലതരം അലങ്കാര, നാടന്‍ മത്സ്യങ്ങളും തെങ്ങും കവുങ്ങും എല്ലാം ഇവിടെയുണ്ട്. സ്വയം വികസിപ്പിച്ച 12 ഇനം ജാതിയും സിബി കൃഷിചെയ്തിരുന്നു. 

ജൈവകൃഷിരീതിയാണ് പ്രധാനമായും പിന്തുടര്‍ന്നിരുന്നത്. വിദ്യാര്‍ഥികളും ഗവേഷകരും വിദേശികളുമടക്കം നിരവധിപേര്‍ സിബിയുടെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയിരുന്നു. അമ്മ: ത്രേസ്യാമ്മ. ഭാര്യ: സ്വപ്ന. മക്കള്‍: ടാനിയ, തരുണ്‍.

Content Highlights: kerala state Agricultural award winner, best farmer, siby kallingal, ciby killed by falling tree, accident