ആലപ്പുഴ: കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ നട്ടെല്ലാണ് പ്രളയം തകര്‍ത്തത്. നെല്‍ക്കൃഷിയില്‍ മാത്രം നഷ്ടം 150 കോടിയുടേതാണ്. 23,000 നെല്‍ക്കര്‍ഷകരുടെ ജീവിതം കൂടിയാണ് പ്രളയം തകര്‍ത്തത്. ഇനി കൃഷി പുനരാരംഭിക്കണമെങ്കില്‍ മാസങ്ങളെടുക്കും. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമായി 10,495 ഹെക്ടറിലെ നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചു. കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന 28 പഞ്ചായത്തുകളില്‍ ഒറ്റനെല്വെയല് പോലും ബാക്കിയില്ല.
180 പാടശേഖരങ്ങളിലാണ് നെല്‍ക്കൃഷി തുടര്‍ച്ചയായി ചെയ്തുവന്നത്. ചമ്പക്കുളം, രാമങ്കരി, കൈനകരി, നെടുമുടി, അമ്പലപ്പുഴ, തകഴി, എടത്വ, തലവടി, വിയപുരം, ചെറുതന, എന്നിവിടങ്ങളിലാണ് കൂടുതല്‍ നെല്‍ക്കൃഷി. ഹെക്ടര്‍ ഒന്നിന് ഏറ്റവും കുറഞ്ഞത് 1.25 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്.
7046 ഹെക്ടറില്‍ കൃഷി നശിച്ചു
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പുറംബണ്ടുകള്‍ തകര്‍ന്ന് 7046 ഹെക്ടറിലെ നെല്‍ക്കൃഷി നശിച്ചു. ഇപ്പോഴത്തെ പ്രളയത്തില്‍ അവശേഷിച്ച 3,449 ഹെക്ടറിലെ നെല്‍ക്കൃഷി കൂടി നഷ്ടമായി. നഷ്ടം 150 കോടിവരും.
നഷ്ടക്കണക്ക് ഉയരുമെന്നാണ് ഔദ്യോഗിക വിശദീകരണം. 300-ലേറെ മോട്ടോറുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മോട്ടോര്‍വെച്ച് വെള്ളം വറ്റിക്കുന്നതിന് ഹെക്ടറിന് 1900 രൂപ വീതം സബ്സിഡി സാധാരണ കൊടുക്കാറുണ്ട്. പക്ഷേ, വിതയ്ക്കുന്ന നെല്ല് കൊയ്താലേ ഈ സബ്സിഡി കിട്ടുകയുള്ളൂ. കൊയ്യാന്‍ നെല്ലില്ലാത്തതിനാല് ഇതിന് ലഭിക്കുന്ന സബ്സിഡിയും നിലവില്‍ കിട്ടാനിടയില്ല.
ഇന്‍ഷുറന്‍സില്ലാത്തതും തിരിച്ചടിയായി
ഇനിയും ലക്ഷങ്ങളുണ്ടായാലേ പാടശേഖരങ്ങള്‍ കൃഷിക്ക് യോജ്യമാക്കാനൊക്കൂ. 70 ശതമാനം കര്‍ഷകരും ഇക്കുറി വിള ഇന്‍ഷുറന്‍സ് ചെയ്തില്ല. ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെങ്കില്‍ ഹെക്ടറിന് 15,000 മുതല്‍ 35,000 രൂപ വരെ കിട്ടുമായിരുന്നു. 100-ല്‍പ്പരം ബണ്ടുകളെങ്കിലും പ്രാഥമികമായി ഉയര്‍ത്തിയാലെ നെല്‍ക്കൃഷി തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലുംപറ്റൂ. സഹായം കൈപ്പറ്റാന്‍ കരമടച്ച രസീതോ, ആധാര്‍ കാര്‍ഡോ പോലും 50 ശതമാനം കര്‍ഷകരുടെയും പക്കലില്ല. ഒരുമാസമായി വെള്ളം നിറഞ്ഞുനില്ക്കുന്ന സംസ്ഥാനത്തെ ഏക സ്ഥലം കൂടിയാണ് കുട്ടനാട്. കൃഷിഓഫീസുകളും വെള്ളത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..