കണ്ണൂര്‍: പ്രളയക്കെടുതിയില്‍ കൃഷിനശിച്ചവര്‍ക്കെല്ലാം സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് പരിഗണിക്കാതെ നഷ്ടപരിഹാരം നല്കാന് ധാരണ.
പ്രകൃതിദുരന്തങ്ങളില്‍ കൃഷിനശിച്ചാല്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്ക്കുമാത്രം നഷ്ടപരിഹാരം നല്കിയാല് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജൂലായില്‍ ഉത്തരവും ഇറങ്ങി. എന്നാല്‍, ഇപ്പോഴുണ്ടായ പ്രളയക്കെടുതിയില്‍ നഷ്ടം കണക്കാക്കുമ്പോള്‍ ഈ നിബന്ധന ബാധകമാക്കേണ്ടെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
കൃഷിഭവന് മുഖേന കര്‍ഷകര്‍ക്ക് നല്കുന്ന നഷ്ടപരിഹാരമെല്ലാം ഇന്‍ഷുറന്‍സ് പദ്ധതിയിലുള്പ്പെടുത്താമെന്നാണ് കൃഷിവകുപ്പിന്റെ തീരുമാനം. തെങ്ങും റബ്ബറും മാവുമടക്കം 27 പ്രധാന വിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. കൃഷിച്ചെലവിനുപുറമേ, ആശ്വാസസഹായവും ലഭിക്കുന്ന വിധത്തിലാണ് പദ്ധതി. അതായത്, ഒരു വാഴയ്ക്ക് മൂന്നുരൂപ പ്രീമിയം അടച്ചാല്‍ 300 രൂപ നഷ്ടപരിഹാരം കിട്ടും.
നാലുവര്‍ഷമായി ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ബാക്കിയുള്ളവരില്‍നിന്ന് അപേക്ഷ സ്വീകരിച്ചെങ്കിലും അത് കുടിശ്ശികയാണ്. ഇതോടെയാണ് ഇനി ഇന്ഷുറന്സുള്ളവരില് നിന്നുമാത്രം നഷ്ടപരിഹാരത്തിന് അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ ജൂലായില്‍ ഉത്തരവിട്ടത്.
ഇത്തവണ 12 ജില്ലകളില്‍ കൃഷിക്ക് കാര്യമായ നാശം സംഭവിച്ചു. കൃത്യമായ കണക്ക് സര്‍ക്കാരിന് ലഭിച്ചില്ല. കുറഞ്ഞ നഷ്ടം മാത്രമാണ് കാര്ഷികമേഖലയിലുണ്ടായതെന്ന കണക്കാണ് ധനവകുപ്പിന് കിട്ടിയത്. ഇന്ഷുറസില്ലാത്തവരുടെ നഷ്ടം കണക്കാക്കാതിരുന്നതാണ് കാരണം. 20 ശതമാനം കര്‍ഷകര്‍ മാത്രമാണ് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ടത്. ഇവരിലേറെയും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരാണ്. ചെറുകിട-നാമമാത്ര കര്‍ഷകരുടെ നഷ്ടം കണക്കില്‍പ്പെട്ടില്ല. ഇതോടെയാണ് എല്ലാ നഷ്ടവും തിട്ടപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍, എല്ലാവര്ക്കും നഷ്ടപരിഹാരം നല്‍കുമെന്ന രേഖാപരമായ നിര്‍ദേശം എവിടെയുമില്ല. അതിനുള്ള തീരുമാനം സര്‍ക്കാരില്‍നിന്ന് ഉടനുണ്ടാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
റിപ്പോര്‍ട്ട് സെപ്റ്റംബര്‍ പത്തിനകം
കൃഷിനാശത്തെക്കുറിച്ച് സെപ്റ്റംബര്‍ പത്തിനകം ജില്ലാതലത്തില്‍നിന്ന് റിപ്പോര്‍ട്ട് നല്‍കണം. വിള നശിച്ചതിന്റെ ഫോട്ടോസഹിതമാണ് ഓരോ കര്‍ഷകന്റെയും റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് അതനുസരിച്ചുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കും. 50,000 രൂപയ്ക്ക് മുകളിലുള്ള നഷ്ടത്തിന് പ്രത്യേകമായി റിപ്പോര്‍ട്ട് നല്‍കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..