കണ്ണൂര്‍: കുഞ്ഞന്‍ പ്ലാവാണ് ഇത്തവണ കണ്ണൂര്‍ പുഷ്പമേളയിലെ വലിയ താരം. ഒരു വര്‍ഷം കൊണ്ട് ഫലം നല്‍കുന്ന പിങ്ക് ജാക്ക്ഫ്രൂട്ട്, ഓറഞ്ച് ചക്ക, റെഡ് ചക്ക, ചെമ്പരത്തി വരിക്ക, ഗംലെസ്സ് ചക്ക എന്നിവയാണ് മേളയിലെ താരങ്ങള്‍.

കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും തേനൂറുന്ന മധുരമാണ് ഇത്തരം ചക്കകള്‍ക്ക് . 10 മുതല്‍ 15 അടി വരെ ഉയര്‍ച്ചയിലാണ് ഇവ വളരുക. മണ്ണില്‍ മൂന്നടി താഴ്ചയില്‍ പാകാവുന്ന ഇത്തരം പ്ലാവിന്‍തൈകള്‍ ഓരോ വര്‍ഷത്തിലും ഫലം നല്‍കും.

30 മുതല്‍ 40 വരെ ചക്കകള്‍ ഉണ്ടാകുമെന്ന് നഴ്‌സറി ജീവനക്കാരന്‍ കെ.എസ് രാജു പറയുന്നു. 400 രൂപ വിലവരുന്ന പിങ്ക് ജാക്ക്ഫ്രൂട്ടിനാണ് മേളയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ഒരു വര്‍ഷം കൊണ്ട് കായ്ക്കുകയും എല്ലാ സീസണിലും വിളവ് നല്‍കുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. തായ്‌ലാന്‍ഡില്‍ നിന്നുമാണ് ഇത്തരം തൈകള്‍ ഇറക്കുമതി ചെയ്യുന്നത്. 

150 രൂപ വരെ വിലയുള്ള പശയില്ലാത്ത ചക്കയാണ് വേറൊരു ആകര്‍ഷണം. ഒപ്പം ഒരു വര്‍ഷം കൊണ്ട് വിളവ് തരുന്ന കിയൊസവായ് മാവിന്‍തൈകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 

300 രൂപ വിലവരുന്ന മാവിന്‍തൈകളുടെ ഫലത്തിന് 250 ഗ്രാം തൂക്കം വരുമെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. തായ് വസ്ത്ര, ആപ്പിളിന്‍രെ രുചിയുള്ള ബെയര്‍ ആപ്പിള്‍, സ്‌ട്രോബറി പോര എന്നിവയും മേളയിലെ താരങ്ങളാണ്.

Content highlights: Flower show, Dwarf Jack fruit, Kannur